തിരുവനന്തപുരം : കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയിൽ യൂണിയനുകൾക്കെതിരായ നിലപാടിൽ വിട്ടുവീഴ്‌ചയില്ലെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. യൂണിയനുകളുടെ ചൊൽപ്പടിക്ക് സർക്കാരും മാനേജ്മെൻ്റും നിന്നുകൊടുക്കണമെന്ന ധാർഷ്ട്യം അവസാനിപ്പിക്കാതെ ഈ പ്രശ്‌നത്തിന് ഒരു പരിഹാരം ഉണ്ടാകില്ല. സർക്കാർ ഉറപ്പ് വിശ്വസിക്കാത്ത യൂണിയനുകളുടെ അജണ്ട വേറെയാണെന്നും മന്ത്രി പറഞ്ഞു.
എല്ലാ പ്രശ്‌നങ്ങളുടെയും ഒറ്റമൂലി പണിമുടക്കല്ല. യൂണിയനുകൾ ജീവനക്കാരെ തെറ്റായ വഴിയിലേക്ക് നയിക്കുന്നു. സർക്കാർ ഇതിനെതിരെ കയ്യും കെട്ടി നോക്കി നിൽക്കില്ല. ശമ്പളം നൽകില്ലെന്ന് സർക്കാരോ മാനേജ്മെൻ്റോ പറഞ്ഞിട്ടില്ല. കെഎസ്ആർടിസിയെ സർക്കാർ ഇപ്പോഴും സഹായിക്കുകയാണ്. സർക്കാർ ഉറപ്പ് കേട്ടിരുന്നെങ്കിൽ ജീവനക്കാർക്ക് ഇപ്പോൾ ശമ്പളം ലഭിക്കുമായിരുന്നു.
കെഎസ്ആർടിസിയിലെ നിലവിലെ പ്രതിസന്ധി സർക്കാരോ മാനേജ്മെൻ്റോ വരുത്തിയതല്ല. ഡീസൽ വില വർധനയും സ്പെയർ പാർട്‌സുകളുടെ വില വർധനയും വരവും ചെലവും തമ്മിൽ വലിയ അനന്തരമുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരുടെ ശമ്പള പ്രതിസന്ധി വിഷയത്തിൽ ഇടപെടുന്നില്ലെന്ന സിഐടിയുവിൻ്റെ വിമർശനത്തിന്, കെഎസ്ആർടിസിയുടെ വിഷയത്തിൽ ഇടപെടില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ആവശ്യഘട്ടങ്ങളിൽ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.