തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകറിന്‍റെ ബസ് ഡ്രൈവിങ്ങ് വീഡിയോ. എം.ഡിയെ ട്രോളുന്ന വീഡിയോ കെ.എസ്.ആർ.ടി.സി തന്നെയാണ് ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവച്ചത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തലയണമന്ത്രമെന്ന സിനിമയിൽ മാമുക്കോയ ശ്രീനിവാസനെ ഡ്രൈവിങ്ങ് പഠിപ്പിക്കുന്ന സീൻ എഡിറ്റ് ചെയ്താണ് രസകരമായ ട്രോൾ വീഡിയോ തയാറാക്കിയിരിക്കുന്നത്.
"ഞങ്ങൾ അഭിമാന പുരസരം നിങ്ങൾക്ക് മുൻപിൽ ഒരു ഡ്രൈവറെ അവതരിപ്പിക്കുന്നു. ഇദ്ദേഹത്തിന് നിയമം അനുശാസിക്കുന്ന തരത്തിൽ ഹെവി വാഹനം ഓടിക്കാൻ ബാഡ്‌ജും ലൈസൻസുമുണ്ട്, അധിക യോഗ്യതയായി ഐ.എ.എസും " എന്ന പരിചയപ്പെടുത്തലോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബിജു പ്രഭാകർ ബസിന്‍റെ കാര്യക്ഷമത ഓടിച്ചു നോക്കി പരിശോധിക്കുന്നതാണ് കെ.എസ്.ആർ.ടി.സി മീഡിയ ടീം എഡിറ്റ് ചെയ്ത് രസകരമായ ട്രോൾ വീഡിയോ ആക്കിയത്.