തിരുവനന്തപുരം: ലോക്ക് ഡൗൺ സർവീസുകളുടെ രണ്ടാം ദിനവും കെ.എസ്. ആർ.ടി.സിക്ക് വൻ വരുമാന നഷ്ടം. കഴിഞ്ഞ ദിവസം മാത്രം 52 ലക്ഷത്തിന്‍റെ നഷ്ടമാണ് ഉണ്ടായത്. ലോക്ക് ഡൗണിനു ശേഷം സർവീസുകൾ പുനഃരാരംഭിച്ച ബുധനാഴ്ചത്തേക്കാൾ യാത്രാക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായെങ്കിലും പ്രതീക്ഷിച്ച വരുമാനം ഉണ്ടായില്ല.
ജീവനക്കാരുടെ ശമ്പളം കൂടി കണക്കാക്കി ഒരു കിലോ മീറ്ററിന് 45 രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് ലഭിക്കേണ്ടത്. ഇതിൽ ആദ്യ ദിവസം ലഭിച്ചത് 16 രൂപ 78 പൈസ. കഴിഞ്ഞ ദിവസം ആറ് രൂപ 47 പൈസയുടെ വർധനവുണ്ടായെങ്കിലും കിലോമീറ്ററിന് 21 രൂപ 75 പൈസയുടെ നഷ്ടമാണ് ഉണ്ടായത്. ഡീസലും ഇൻഷുറൻസും സാനിറ്റൈസറും മാത്രം കണക്കാക്കിയാൽ പോലും 25 രൂപയിലധികം ഒരു കിലോമീറ്ററിന് ചെലവാകും.
1432 സർവീസുകളാണ് കെ.എസ്.ആര്‍.ടി.സി ഇന്നലെ നടത്തിയത്. 56,77,456 രൂപയാണ് ആകെ വരുമാനം. യാത്രക്കാരുടെ എണ്ണത്തിൽ മുൻ ദിവസത്തേക്കാൾ ഇന്നലെ 1,50,029 പേരുടെ വർധനയുണ്ടായി. ആകെ കളക്ഷനിൽ 21,44,991 രൂപയും കൂടിയിട്ടുണ്ട്. എന്നാൽ ഒരു കിലോമീറ്ററിന് 45 രൂപ വച്ച് കണക്കാക്കിയാൽ 10856035 രൂപ ലഭിക്കണം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ഈ മാസം ശമ്പളം നൽകണമെങ്കിൽ സർക്കാർ കനിയണം. ഇതിനായി 69 കോടിയാണ് സർക്കാരിനോട് കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ടിരിക്കുന്നത്.