തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാന്‍റെ ഏകപക്ഷീയ നിലപാടുകളില്‍ പ്രതിഷേധിച്ച് വൈദ്യുതി ഭവന്‍ വളയല്‍ സമരവുമായി ഇടത് അനുകൂല സംഘടനയായ ഓഫിസേഴ്‌സ് അസോസിയേഷന്‍. സമരം ചെയ്‌താല്‍ സര്‍വീസ് ചട്ടലംഘനത്തിന് പ്രത്യേക നടപടി ഉണ്ടാകുമെന്ന ഉത്തരവ് ലംഘിച്ചാണ് അസോസിയേഷന്‍ കെഎസ്ഇബി ആസ്ഥാന മന്ദിരം വളഞ്ഞ് സമരം നടത്തിയത്. സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദന്‍ സമരം ഉദ്ഘാടനം ചെയ്‌തു.
സമരം ചെയ്യുന്നവരെ സസ്‌പെന്‍ഡ് ചെയ്യുന്നത് സാമാന്യ മര്യാദയ്ക്ക് നിരക്കാത്തതെന്ന് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ജീവനക്കാരെ ശത്രുവായി കണ്ട് സ്ഥാപനം നന്നാക്കാന്‍ സാധിക്കില്ല. അത് നാടിന് ആപത്താണ്.
ഘടകകക്ഷി മന്ത്രിമാര്‍ക്കെതിരല്ല സമരം: ഉടമകള്‍ കല്‍പ്പിക്കും മറ്റ് അടിമകള്‍ അനുസരിക്കണം എന്ന മനോഭാവമാണ് മേധാവിക്കെങ്കില്‍ അത് ശരിയാകില്ല. സമരം ചെയ്യുന്നവരെ സസ്‌പെന്‍ഡ് ചെയ്യുന്ന രീതി തെറ്റാണ്. കെഎസ്ആര്‍ടിസിയിലും വാട്ടര്‍ അതോറിട്ടിയിലും സമാനമായി രീതിയില്‍ സമരം നടക്കുന്നു.
ഇത് ഘടകകക്ഷി മന്ത്രിമാര്‍ക്കെതിരായുള്ള സമരമല്ലെന്ന് മാധ്യമങ്ങള്‍ തിരിച്ചറിയണം. ശിക്ഷ നടപടിക്കെതിരായ സമരമാണ്. ഘടക കക്ഷി മന്ത്രിമാരെ കാത്തു സൂക്ഷിക്കാനും പിന്തുണയ്ക്കാനും സിഐടിയു ഉണ്ടാകുമെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.
ചെയര്‍മാനെതിരെ സമരം: ചെയര്‍മാനെതിരെ ദിവസങ്ങളായി ഓഫീസേഴ്‌സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ സമരം നടക്കുകയാണ്. അച്ചടക്ക നടപടിയുണ്ടാകുമെന്ന കെഎസ്ഇബി ചെയര്‍മാന്‍ ബി അശോകിന്‍റെ മുന്നറിയിപ്പ് തള്ളിയാണ് അസോസിയേഷന്‍ സമരവുമായി മുന്നോട്ട് പോകുന്നത്. തിങ്കളാഴ്‌ച ഉപരോധ സമരത്തിന് അനുമതി നിഷേധിച്ച് ചെയര്‍മാന്‍ ഉത്തരവിറക്കിയിരുന്നു.
യൂണിയന്‍ ഭാരവാഹികളെ സസ്‌പെന്‍ഡ് ചെയ്‌തതിനെ തുടര്‍ന്നാണ് സമരം തുടങ്ങിയത്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും മറ്റ് ജില്ലകളിലേക്ക് ഇവരെ സ്ഥലം മാറ്റിയിരുന്നു. അതേസമയം, പ്രശ്‌ന പരിഹാരം ഉണ്ടാകുന്നില്ലെങ്കില്‍ മെയ് 15ന് നിസഹകരണ സമരം ആരംഭിക്കുമെന്ന് യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.