തിരുവനന്തപുരം: മുതിർന്ന നേതാക്കൾ നിലപാട് കടുപ്പിച്ചതോടെ കെപിസിസി പുനഃസംഘടന നീളുമെന്ന് ഉറപ്പായി. ഇന്ന് (സെപ്റ്റംബര്‍ 29 ബുധൻ) ചർച്ച പൂർത്തിയാക്കി നാളെ കെപിസിസി ജനറൽ സെക്രട്ടറിമാരുടെ പട്ടികയ്ക്ക് അന്തിമരൂപം നൽകാനാണ് നിശ്ചയിച്ചിരുന്നത്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും എ, ഐ ഗ്രൂപ്പുകളുടെ പട്ടിക നേരത്തെ കൈമാറിയിരുന്നു.
എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കെപിസിസി പുനഃസംഘടന ചർച്ചകൾക്കാണ് കേരളത്തിൽ എത്തിയത്. എന്നാൽ സുധീരന്‍റേയും മുല്ലപ്പള്ളി രാമചന്ദ്രന്‍റേയും പ്രതികരണങ്ങൾ അന്തരീക്ഷം മാറ്റിമറിച്ചു. തുടർ ചർച്ചകളിലേക്ക് കടക്കാതെ താരിഖ് അൻവർ ഡൽഹിയിലേക്ക് മടങ്ങിപ്പോവുകയും ചെയ്‌തു.
അതിനിടെ ഇന്ന് വയനാട് മണ്ഡലത്തിലെ പരിപാടികള്‍ക്കായി രാഹുൽ ഗാന്ധി കേരളത്തിലെത്തും. സംസ്ഥാനത്തെ സ്ഥിതിഗതികൾ നേതൃത്വം അദ്ദേഹത്തെ ധരിപ്പിക്കും. ഇതിന് ശേഷമാകും കെ സുധാകരനും വി.ഡി സതീശനും ഡൽഹിക്ക് തിരിക്കുക.
കേരളത്തിലെ മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോവുക എന്നതാണ് ഹൈക്കമാൻഡ് നൽകിയിരിക്കുന്ന നിർദേശം. കെപിസിസി ഭാരവാഹികളെ നിശ്ചയിക്കുന്നതിന് മുമ്പ് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള മുതിർന്ന നേതാക്കളുമായി കെപിസിസി അധ്യക്ഷൻ ചർച്ചകൾ നടത്തും. പാർട്ടി പുനഃസംഘടിപ്പിക്കുക, സെമി കേഡർ രീതിയിലേക്ക് പോവുക എന്നി ലക്ഷ്യങ്ങളാണ് സുധാകരൻ മുന്നോട്ടുവയ്ക്കുന്നത്.
Read more: "തിരുത്തല്‍ പ്രതീക്ഷിക്കുന്നു", അനുനയനീക്കവുമായി താരിഖ് അൻവർ: വിട്ടുവീഴ്‌ചയില്ലാതെ സുധീരൻ