തിരുവന്തപുരം: കെപിസിസി പുന:സംഘടിപ്പിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. പുന:സംഘടന മാനദണ്ഡങ്ങളില്‍ അന്തിമ തീരുമാനം വൈകുന്നതാണ് അനിശ്ചിതത്വം സൃഷ്ടിക്കുന്നത്. ഇതോടെ കെപിസിസി പുന:സംഘടന ഈ മാസം മുപ്പത്തിയൊന്നിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന തീരുമാനം നടപ്പാക്കാന്‍ ആകില്ലെന്നാണ് സൂചന.
പുന:സംഘടന മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി എന്നിവരെ ഈ മാസം ആദ്യം ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗം ചുമതലപ്പെത്തിയിരുന്നു. എന്നാല്‍ നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പുന:സംഘടന മാനദണ്ഡങ്ങള്‍ സംബന്ധിച്ച ധാരണയിലെത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ എ, ഐ ഗ്രൂപ്പുകള്‍ പ്രത്യേക യോഗങ്ങളും ചേര്‍ന്നു. ഒരാള്‍ക്ക് ഒരു പദവി മതിയെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നിര്‍ദ്ദേശത്തില്‍ ഇരു ഗ്രൂപ്പുകള്‍ക്കും വ്യത്യസ്ത നിലപാടുകളാണ്. ഇക്കാര്യത്തില്‍ എ ഗ്രൂപ്പ് അനുകൂല നിലപാട് സ്വീകരിക്കുമ്പോള്‍ എംഎല്‍എമാരിലും എംപിമാരിലും അനിവാര്യരായവര്‍ തുടരട്ടെ എന്ന നിലപാടാണ് ഐ ഗ്രൂപ്പിന്. ജംബോ കമ്മിറ്റി വേണ്ട എന്ന പൊതുനിലപാടാണ് ഇരുപക്ഷത്തിനുമുളളത്. പക്ഷേ ഭാരവഹികളുടെ എണ്ണം എത്രയാകണമെന്ന കാര്യത്തില്‍ ധാരണയിലെത്താന്‍ കഴിയാത്തതും അനിശ്ചിതത്വം സൃഷ്ടിക്കുന്നു. അതേസമയം വര്‍ക്കിങ് പ്രസിഡന്റുമാര്ക്ക് പകരം വൈസ് പ്രസിഡന്റ് സ്ഥാനം മതി എന്ന നിലപാടാണ് ഇരു ഗ്രൂപ്പുകള്‍ക്കും. ആഗസ്റ്റ് ഒന്ന്, രണ്ട് തീയതികളില്‍ നടത്താനിരുന്ന കോണ്‍ഗ്രസ് നേതൃക്യാമ്പ് മാറ്റിവച്ചു.