തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. ഗവർണർ തറ രാഷ്ട്രീയം കളിക്കുന്നു. ഗവർണറെ തിരിച്ചുവിളിക്കണമെന്ന് കേരളം ഒന്നടങ്കം ആവശ്യപ്പെടണമെന്നും ഇക്കാര്യത്തിൽ യുഡിഎഫ് നിലപാട് ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്നും സുധാകരൻ പറഞ്ഞു.
ഗവർണർ എന്ന പദവിയുടെ അന്തസത്ത അദ്ദേഹം തിരിച്ചറിയുന്നില്ല. വി.ഡി സതീശൻ ഉത്തരവാദിത്വമില്ലാത്ത പ്രതിപക്ഷനേതാവാണെന്ന ഗവർണറുടെ പരാമർശത്തെയും കെ സുധാകരൻ വിമര്‍ശിച്ചു. സ്ഥാനത്തിൻ്റെ മഹിമ ഗവർണർ ഇതുവരെ ഉൾക്കൊണ്ടിട്ടില്ല. തനി രാഷ്ട്രീയമാണ് പറയുന്നത്. ജനങ്ങളുടെ മുൻപിൽ ഗവർണർ പരിഹാസ്യനാകുന്നുവെന്നും സുധാകരൻ പറഞ്ഞു.
Also read: രാജ്ഭവൻ നിയന്ത്രിക്കാൻ ചിലര്‍ ശ്രമിക്കുന്നു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍
മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫായി പാർട്ടിക്കാരെ നിയമിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും രണ്ടരവർഷത്തെ സേവനത്തിനുശേഷം അവർക്ക് ഖജനാവിൽനിന്ന് പെൻഷൻ നൽകുന്നത് നിയമവിരുദ്ധമാണെന്നുമുള്ള ഗവർണറുടെ പ്രസ്‌താവനയോട് വിയോജിപ്പാണ്. തെറ്റായ രീതിയിലുള്ള ഇടപെടലാണ് ഗവർണർ നടത്തിയത്. ഗവർണർ അഭിപ്രായം പറയേണ്ട വിഷയമല്ല ഇതെന്നും സുധാകരൻ പറഞ്ഞു.