തിരുവനന്തപുരം : ധീരജ് വധക്കേസില്‍ പ്രതികള്‍ക്ക് എല്ലാ നിയമസഹായവും നല്‍കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ധീരജിനെ നിഖില്‍ പൈലി കുത്തിയത് ആരും കണ്ടിട്ടില്ല. കുത്തിയത് ആരെന്ന് പൊലീസ് കണ്ടെത്തണം. നിഖിലാണ് കുത്തിയതെന്ന് ബോധ്യമാകാത്തത് കൊണ്ടാണ് സംഭവത്തെ അപലപിക്കാതിരുന്നതെന്നും കെ സുധാകരൻ പറഞ്ഞു.
കുറ്റം തെളിയുന്നതുവരെ പ്രതികളെ സംരക്ഷിക്കും
കൊലക്കേസില്‍ അറസ്റ്റിലായ അഞ്ച് പേര്‍ക്ക് കേസുമായി ഒരു ബന്ധവുമില്ല. കണ്ടവരെയെല്ലാം പ്രതിയാക്കുകയാണ് പൊലീസ് ഇപ്പോള്‍ ചെയ്യുന്നത്. ധീരജ് കുത്തേറ്റുവീഴുമ്പോള്‍ പ്രതികളാക്കിയ അഞ്ച് പേരും സ്ഥലത്ത് ഉണ്ടായിരുന്നില്ല. കോളജില്‍ സ്ഥിരം സംഘര്‍ങ്ങളുണ്ടായിരുന്നു. ഇത് പരിഹരിക്കാനാണ് പുറത്ത് നിന്ന് നേതാക്കള്‍ എത്തിയത്. എന്നാല്‍ 40ഓളം പേര്‍ ഈ നേതാക്കളെ തല്ലിയോടിക്കുകയായിരുന്നു.
ഇതിനിടയിലാണ് കുത്ത് നടന്നത്. ആരാണ് കുത്തിയതെന്ന് ആരും കണ്ടിട്ടില്ല. എസ്എഫ്‌ഐക്കാര്‍ തന്നെയാണോ കുത്തിയതെന്നും അറിയില്ല. ഇത് തെളിയുന്നതുവരെ പ്രതികളാക്കിയവരെ സംരക്ഷിക്കും. അത് കെപിസിസി പ്രസിഡന്‍റിന്‍റെ ചുമതലയാണെന്നും സുധാകരന്‍ വ്യക്തമാക്കി.
'മരണത്തില്‍ താന്‍ ദുഖിച്ചില്ലെന്ന് പറയുന്നത് ക്രൂരം'
സിപിഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിന്‍റെ കരുവാണ് ധീരജ്. ധീരജിനെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാത്തതില്‍ പൊലീസ് മറുപടി പറയണം. താന്‍ മരണത്തില്‍ ദുഖിച്ചില്ലെന്ന് പറയുന്നത് ക്രൂരമാണ്. ഒരു ജീവന്‍ പൊലിഞ്ഞത് ദുഖകരമായ സംഭവമാണ്. തന്‍റെ മനസ് കല്ലും ഇരുമ്പുമല്ല, മനുഷ്യത്വം സൂക്ഷിക്കുന്ന മനുഷ്യനാണ് താനെന്നും സുധാകരന്‍ പറഞ്ഞു.
സിപിഎം തനിക്കെതിരെ ഉന്നയിക്കുന്ന കാര്യങ്ങള്‍ അത്ഭുതകരമാണ്. ആ കുടുംബത്തെ തള്ളിപ്പറയില്ല, പക്ഷേ അവിടെ പോകാന്‍ പറ്റില്ല. മരിച്ച ഉടന്‍ ശവകുടീരം കെട്ടാന്‍ എട്ട് സെന്‍റ് സ്ഥലം വാങ്ങി ആഘോഷമാക്കാനാണ് സിപിഎം ശ്രമിച്ചതെന്നും സുധാകരന്‍ ആരോപിച്ചു.
'കേഡര്‍ എന്നാല്‍ ആയുധമെടുത്ത് പോരാടുന്നതല്ല'
പിണറായി ഭരണത്തില്‍ 54 കൊലപാതകമുണ്ടായി. ഇതില്‍ 28 എണ്ണത്തില്‍ സിപിഎം പ്രതികളാണ്, 12ൽ ബിജെപി പ്രതികളാണ്. ഒരു കേസിൽ ലീഗും. ധീരജ് കേസ് മാത്രമാണ് കോണ്‍ഗ്രസിന്‍റെ തലയില്‍ കെട്ടിവയ്ക്കുന്നത്. കേഡര്‍ എന്നാല്‍ ആയുധമെടുത്ത് പോരാടുന്നതല്ല, സമര്‍പ്പിത പ്രവര്‍ത്തനം എന്നതാണ്.
കേരളത്തിലെ ഭൂരിഭാഗം ക്യാമ്പസുകളിലും എസ്.എഫ്.ഐയുടെ കാടത്തമാണെന്നും സുധാകരന്‍ ആരോപിച്ചു. മരണത്തെ മുഖാമുഖം കണ്ടിട്ടും കേരള രാഷ്ട്രീയത്തില്‍ തുടരുന്നയാളാണ് താന്‍. അതുകൊണ്ട് തന്നെ തനിക്കെതിരെയുള്ള സിപിഎം ഗൂഢാലോചനകള്‍ ഏല്‍ക്കില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
READ MORE: പെങ്ങിന് എന്ത് സംഭവിച്ചുവെന്ന സത്യം അറിയാന്‍ പോകുന്നില്ലെന്ന് മുഗുരുസ