തിരുവനന്തപുരം: ഭരണത്തിലേക്ക് മടങ്ങിയെത്താനാകാതെ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇറക്കിയ തുറുപ്പു ചീട്ടായ കെ.സുധാകരനും വി.ഡി.സതീശനും തമ്മിലിടയുന്നു. കോണ്‍ഗ്രസ് പുനഃസംഘടനയെ ചൊല്ലി ഇരുവരും പരസ്‌പരം സംസാരിക്കാന്‍ പോലുമാകാത്ത വിധം തെറ്റിപ്പിരിഞ്ഞു. അണികള്‍ പ്രതീക്ഷയോടെ കണ്ട ഈ സഖ്യം വഴി പിരിയുന്നതിന്‍റെ സൂചനകളാണ് പുറത്തു വരുന്നത്.
പുനഃസംഘടനച്ചൊല്ലി കലഹം മൂർച്ഛിക്കുന്നു
കേരളത്തിലെ കോണ്‍ഗ്രസിലെ ബ്ലോക്ക്, മണ്ഡലം, ഡി.സി.സി പുനഃസംഘടനയുമായി അതിവേഗം മുന്നോട്ടു പോകുന്നതിനിടെയാണ് ഇരുവരുടെയും ബന്ധത്തില്‍ കല്ലുകടിയുണ്ടായിരിക്കുന്നത്. സുധാകരന്‍ ഏകപക്ഷീയമായി പുനഃസംഘടനയുമായി മുന്നോട്ടു പോകുകയാണെന്നും പുനഃസംഘടന നിര്‍ത്തി വയ്ക്കണമെന്നും ആവശ്യപ്പെട്ട് സതീശന്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചു. പിന്നാലെ പുനഃസംഘടന നിര്‍ത്തി വയ്ക്കാന്‍ കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ സുധാകരന് നിര്‍ദേശം നല്‍കിയത് സുധാകരനെ ചൊടിപ്പിച്ചു. നേരത്തെ ഹൈക്കമാന്‍ഡ് അനുമതി നല്‍കിയ പുനഃസംഘടനയുമായി മുന്നോട്ടു പോകുമെന്ന നിലപാട് സുധാകരനും സ്വീകരിച്ചു.
സതീശന് പിന്നില്‍ കേരളത്തില്‍ നിന്നുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലാണെന്ന് സുധാകരന്‍ കരുതുന്നു. നാണം കെട്ട് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് തുടരാനില്ലെന്ന നിലപാടിലാണ് സുധാകരന്‍. പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കൻറോണ്‍മെന്‍റ് ഹൗസില്‍ വി.ഡി.സതീശന്‍ ഗ്രൂപ്പു യോഗം വിളിച്ചെന്ന പരാതി ലഭിച്ചയുടന്‍ ഇക്കാര്യം പരിശോധിക്കാന്‍ കെ.പി.സി.സി സംഘടന ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണനെ സുധാകരന്‍ കൻറോണ്‍മെന്‍റ് ഹൗസിലേക്കയച്ചത് സതീശനെയും ക്ഷുഭിതനാക്കി.
എക്‌സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കാതെ നേതാക്കൾ
സുധാകരനെ വന്നു കണ്ടവര്‍ തന്നെയാണ് തന്നെയും വന്നു കണ്ടതെന്നും അവര്‍ തന്നെ വന്നു കാണുന്നത് എങ്ങനെ ഗ്രൂപ്പ് യോഗമാകുമെന്നും ഇതു പരിശോധിക്കാന്‍ ആളെ അയച്ചത് ശരിയായില്ലെന്നുമാണ് സതീശന്‍റെ ആരോപണം. ഇതിനു പിന്നാലെ നടന്ന കെ.പി.സി.സി എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇരുവരും സംബന്ധിച്ചെങ്കിലും പരസ്‌പരം സംസാരിച്ചില്ല. യോഗം കഴിഞ്ഞ ഉടന്‍ പുനഃസംഘടനയെ കുറിച്ച് സംസാരിക്കാതെ സതീശന്‍ മടങ്ങുകയും ചെയ്‌തു.
പുനഃസംഘടനയ്ക്കു ശേഷം പുതുജീവന്‍ കൈവരിക്കാന്‍ സുധാകരന്‍റെ നേതൃത്വത്തിന് കഴിഞ്ഞുവെന്ന വിലയിരുത്തല്‍ ഹൈക്കമാന്‍ഡിനുണ്ട്. ഈ സാഹചര്യത്തില്‍ സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഹൈക്കമാന്‍ഡ് ആരംഭിച്ചിട്ടുണ്ട്. എട്ട് എം.പിമാര്‍ പുനഃസംഘടനയെ കുറിച്ച് തന്നോട് പരാതി പറഞ്ഞെന്ന് താരിഖ് അന്‍വര്‍ സുധാകരനെ അറിയിച്ചു. എന്നാല്‍ എം.പിമാര്‍ക്ക് പരാതിയുണ്ടെങ്കില്‍ ഇക്കാര്യം തന്നോട് നേരിട്ട് പറഞ്ഞാല്‍ അപ്പോള്‍ താന്‍ പരിഹരിക്കുമെന്ന് സുധാകരന്‍ മറുപടി നല്‍കി.
പിന്നിൽ വേണുഗോപാലെന്ന് കെ സുധാകരന്‍റെ ആരോപണം
അതിനിടെ സംഘടന തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കടന്ന സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം പിടിക്കാന്‍ കെ.സി.വേണുഗോപാലാണ് എം.പിമാരെയും സതീശനെയും രംഗത്തിറക്കിയതെന്നാണ് സുധാകരന്‍റെ ആരോപണം. ഒരു പക്ഷേ ഈ നീക്കത്തിലേക്ക് സതീശനും വേണുഗോപാലും നീങ്ങിയാല്‍ മറുവശത്ത് രമേശ് ചെന്നിത്തലയും കെ.സുധാകരനും ഉമ്മന്‍ചാണ്ടിയും ഒരുമിച്ച് രംഗത്തിറങ്ങാനുള്ള സാധ്യതയേറെയാണ്.
പാര്‍ട്ടിയില്‍ ചലാനാത്മക നടപടികള്‍ക്ക് തുടക്കം കുറിച്ച സുധാകരന്‍റെ നടപടികളോട് ആഭിമുഖ്യം പുലര്‍ത്തുന്നവരാണ് സംഘടനയിലെ ബഹു ഭൂരിപക്ഷം നേതാക്കളും. അതിനാല്‍ സംഘടന തെരഞ്ഞെടുപ്പില്‍ സുധാകരന്‍, ചെന്നിത്തല, ഉമ്മന്‍ചാണ്ടി ത്രയങ്ങള്‍ ഒന്നിച്ചാല്‍ കേരളത്തിലെ കോണ്‍ഗ്രസ് പിടിക്കാന്‍ സതീശനും കെ.സി.വേണുഗോപാലും ഉള്‍പ്പെടുന്ന ഗ്രൂപ്പിന് നന്നേ വിയര്‍ക്കേണ്ടിവരും.