തിരുവനന്തപുരം: കോവളത്ത് വിദേശിയെ പുതുവത്സര ദിനത്തില്‍ അവഹേളിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലായ ഗ്രേഡ് എസ്‌ഐ ടി.കെ ഷാജി പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചു. താന്‍ നടപടിക്രമങ്ങള്‍ പാലിച്ചാണ് പരിശോധന നടത്തിയതെന്നും ഇക്കാര്യത്തില്‍ വീഴ്‌ചയൊന്നും സംഭവിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയില്‍ എസ്ഐ ചൂണ്ടിക്കാട്ടുന്നു.
കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍റെ കത്തോടു കൂടിയാണ് ഷാജി മുഖ്യമന്ത്രിയെ സമീപിച്ചത്. തന്‍റെ സര്‍വീസ് കാലയളവില്‍ ഇത്തരത്തിലുള്ള ഒരു സംഭവവും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് മാത്രമല്ല സമീപകാലത്ത് നടന്ന പ്രമാദമായ കൊലപാതക്കേസ് അന്വേഷണത്തിന്‍റെ ഭാഗമായിരുന്ന താന്‍ ആ കേസിലെ പ്രതിക്ക് അര്‍ഹമായ ശിക്ഷ വാങ്ങി നല്‍കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചെന്നും ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
അതേസമയം, കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന സൂചനയാണ് പൊലീസ് തലപ്പത്തു നിന്ന് ലഭിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കോവളം സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐക്ക് പുറമേ സംഭവസ്ഥലത്തുണ്ടായിരുന്ന പ്രിന്‍സിപ്പല്‍ എസ്‌ഐ അനീഷ്‌കുമാര്‍, സീനിയര്‍ സിപിഒ സജിത്, സിപിഒ മനേഷ് എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്‌പിക്ക്, കമ്മിഷണര്‍ സ്‌പര്‍ജന്‍ കുമാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് സൂചന.
Also read: കോവളത്ത് വിദേശിയെ അവഹേളിച്ച സംഭവം : കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സാധ്യത