തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രികളിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിർദേശം. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആശുപത്രി ജീവനക്കാരെല്ലാവരും തന്നെ നിര്‍ബന്ധമായും ഐഡി കാര്‍ഡുകള്‍ ധരിക്കണം. മെഡിക്കല്‍ കോളജുകളില്‍ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളുടെ പരിശോധന നടത്തണം.
ആവശ്യമായ സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ വച്ച് സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. നവജാത ശിശുവിന്‍റെ അമ്മയെ മന്ത്രി ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ നേരിട്ടറിഞ്ഞു.