തിരുവനന്തപുരം: യുഡിഎഫിന്‍റെ നേതൃത്വം കോൺഗ്രസ് മുസ്‌ലിം ലീഗിന് അടിയറ വച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രമേശ് ചെന്നിത്തല യുഡിഎഫ് നേതൃത്വത്തെ കുഞ്ഞാലിക്കുട്ടി, ഹസൻ, ജമാഅത്തെ ഇസ്‌ലാമിയുടെ അമീർ എന്നിവരിൽ ഏൽപ്പിച്ചിരിക്കുകയാണ്. മുസ്‌ലിം ലീഗിനെയിപ്പോൾ നയിക്കുന്നത് ജമാത്തെ ഇസ്‌ലാമിയുടെ ആശയമാണ്. പഴയ ആശയങ്ങളെല്ലാം വിട്ട് മുസ്‌ലിം ലീഗ് മുസ്‌ലിം രാഷ്ട്രത്തിനായി പ്രവർത്തിക്കുകയാണ്. ജമാഅത്തെ ഇസ്‌ലാമിയുമായും ആർഎസ്എസുമായി ഒരേ സമയം കോൺഗ്രസ് അടുത്തു കൊണ്ടിരിക്കുകയാണെന്നും കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.
കേരളത്തിലേക്ക് കടന്നു വരാൻ അവസരം പാർത്തിരിക്കുന്ന ആർഎസ്എസിന് അവസരമൊരുക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ട നേമം മോഡൽ പല മണ്ഡലത്തിൽ നടത്താൻ കോൺഗ്രസ് ഒരുങ്ങുകയാണ്. ഇതിന്‍റെ ചർച്ചകൾക്കാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആർഎസ്എസ് ഓഫിസിൽ പോയത്. ഇതിനായി രാഹുൽ ഗാന്ധിയെ തള്ളിപ്പറയുന്ന നിലപാടാണ് രമേശ് ചെന്നിത്തല സ്വീകരിക്കുന്നത്. ഇത് ആർഎസ്എസിനെ തൃപ്തിപ്പെടുത്താനാണ്. കേരളത്തിലെ കോൺഗ്രസിന് നയിക്കുന്നത് രാഹുൽഗാന്ധി ആണോ അതോ ബിജെപിയാണോ എന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് എം അടക്കമുള്ള കക്ഷികൾ ഇടതുമുന്നണിയുടെ ഭാഗമായതോടെ മുന്നണിയുടെ രാഷ്ട്രീയ ജനകീയ അടിത്തറ വിപുലപ്പെട്ടു. ഇത് തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. വിവിധ കക്ഷികൾ ഉപേക്ഷിച്ച് അവശിഷ്ടം മാത്രമായ യുഡിഎഫിന് എൽഡിഎഫിനെ നേരിടാനുള്ള ശക്തിയില്ല. ബാർ കോഴ സംബന്ധിച്ച ബിജു രമേശിന് പുതിയ വെളിപ്പെടുത്തലിൽ പണം വാങ്ങിയെന്ന് പറഞ്ഞത് ചെന്നിത്തല സമ്മതിച്ചിട്ടുണ്ട്. കെപിസിസി ഓഫിസിൽ എത്തിച്ച രണ്ട് കോടിയും രമേശ് ചെന്നിത്തലയുടെ പക്കൽ എത്തിച്ച ഒരു കോടിയും രജിസ്റ്ററിൽ വരവ് വച്ചിട്ടുണ്ടോയെന്ന് കോൺഗ്രസ് വ്യക്തമാക്കണം. നിയമവശം പരിശോധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.