തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൻ്റെ വിചാരണയുടെ പ്രാരംഭ നടപടികളുടെ ഭാഗമായി ഇന്ന് പ്രതികൾക്കെതിരെയുള്ള കുറ്റപത്രം വായിക്കും. ഇതിന് ശേഷം കോടതി വിചാരണ തീയതി തീരുമാനിക്കും. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നും വിചാരണ കോടതിലേക്ക് കേസ് എത്തിയിട്ട് ഒരു വർഷം കഴിഞ്ഞിട്ടും പ്രതികൾക്കെതിരെ കുറ്റപത്രം വായിച്ചിട്ടില്ലായിരുന്നു. എന്നാൽ കുറ്റപത്രം വായിക്കുന്നതിന് മുന്നോടി പ്രാഥമിക വാദം നടത്തുവാൻ സമയം വേണമെന്നാണ് പ്രതിഭാഗത്തിൻ്റെ ആവശ്യം. ഇന്ന് ഈ ആവശ്യവും പരിഗണിച്ച ശേഷമാകും കോടതി കുറ്റപത്രം വായിക്കുക.
2019 ഓഗസ്‌റ്റ് മൂന്നിന് പുലർച്ചെയാണ് മ്യൂസിയത്തിനു സമീപമുണ്ടായ വാഹനപകടത്തിൽ മാധ്യമ പ്രവർത്തകൻ കെ.എം.ബഷീർ വാഹനം ഇടിച്ച് മരിച്ചത്. ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ, സുഹൃത്ത് വഫ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ.
കെ.എം.ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട കവടിയാർ - മ്യൂസിയം റോഡിലെ സിസിടിവി ദൃശ്യങ്ങൾ കൈമാറണം എന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമൻ നൽകിയ ഹർജി കാരണം കോടതി നടപടികൾ വിചാരണ കോടതിക്ക് കൈമാറാൻ കഴിയാതെ ഒരു വർഷം നീണ്ടുപോയിരുന്നു.