തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് പരിശോധന വർധിപ്പിക്കാൻ നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ. കേരളം നടത്തുന്നത് പി.സി.ആർ ടെസ്റ്റാണ്. മറ്റ് സംസ്ഥാനങ്ങൾ റാപ്പിഡ് ടെസ്റ്റുകൾ കൂടി ചേർത്താണ് കണക്ക് പറയുന്നത്. കേരളത്തിന്‍റെ രീതിയാണ് ശരി. സിസ്‌റ്റമാറ്റിക്കായിട്ടാണ് കേരളം ടെസ്റ്റ് നടത്തുന്നത്. പരിശോധയ്ക്കുള്ള ആർ.എൻ.എ കിറ്റുകൾക്ക് ക്ഷാമമുണ്ട്. ഇത് പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ട്. റാപ്പിഡ് ടെസ്റ്റ് ഐസിഎംആർ വിലക്കിയിട്ടുണ്ട്. റാപ്പിഡ് ടെസ്റ്റുകൾക്ക് സംസ്ഥാനം അപേക്ഷ നൽകിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ രണ്ട് ദിവസം മൂവായിരത്തോളം പരിശോധന നടത്തിയിട്ടുണ്ട്. എല്ലാ ദിവസവും 3000 ടെസ്റ്റ് നടത്താൻ ആവുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പക്ഷെ ശ്രദ്ധ വേണം. മൂന്നാം ഘട്ട വ്യാപനം ആയിട്ടില്ല. ആരോഗ്യ പ്രവർത്തകർക്ക് രോഗം വന്നത് കോണ്‍ടാക്‌ടില്‍ നിന്നാണ്. സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. ഇവരെ ഐസൊലേറ്റ് ചെയ്ത് പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ട്. ചുരുങ്ങിയ കേസുകളാണെങ്കിലും ഗൗരവത്തേടെയാണ് സംസ്ഥാനം കാണുന്നത്. കോട്ടയത്ത് രോഗം സ്ഥിരീകരിച്ച ആർസിസിയിലെ ആരോഗ്യ പ്രവർത്തകയുടെ കാര്യത്തിൽ ആശങ്ക വേണ്ട. ആർസിസിയിൽ നിന്നാവാനുള്ള സാധ്യത കുറവാണ്. എന്നാലും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് ബാധിത രാജ്യങ്ങളിൽ നിന്നെത്തുന്ന പ്രവാസികൾക്കായി എല്ലാ തയാറെടുപ്പുകളും ഒരുക്കി കഴിഞ്ഞു. കാസർകോട് കൊവിഡ് രോഗികളുടെ വിവരം പുറത്തു പോയതിൽ വീഴ്ചയില്ല. ഇത്തരക്കാരിൽ നിന്ന് സദാ ജാഗരൂഗരാകണം. ഒരു തരത്തിലുള്ള മുതലെടുപ്പും സർക്കാർ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.