തിരുവനന്തപുരം : നിയമസഭയില്‍ കെ ടി ജലീല്‍ പ്രസംഗിക്കാനായി എഴുന്നേല്‍ക്കുന്നതിന് തൊട്ടു മുന്‍പ് 'ഇയാള്‍ മ്മളെ കൊയപ്പത്തിലാക്കും' എന്ന കെ കെ ശൈലജയുടെ ആത്മഗതം വിവാദത്തില്‍. മൈക്ക് ഓണ്‍ ആണെന്ന കാര്യം ഓര്‍ക്കാതെയായിരുന്നു ശൈലജയുടെ ആത്മഗതം. പക്ഷേ സഭയിലും പ്രസ് ഗ്യാലറിയിലുമിരുന്നവര്‍ ഇത് വ്യക്തമായി കേട്ടു.
ലോകായുക്ത നിയമഭേദഗതി ബില്ല് സബ്‌ജക്‌ട് കമ്മിറ്റിക്കയക്കണമെന്ന പ്രമേയം അവതരിപ്പിച്ച് ശൈലജ പ്രസംഗിക്കുന്നതിനിടെയാണ് ജലീല്‍ എഴുന്നേറ്റത്. ജലീലിന് സംസാരിക്കാനായി വഴങ്ങി ഇരിപ്പിടത്തിലിരിക്കുന്നതിനിടെയാണ് ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കുമെന്ന് ശൈലജ ആത്മഗതം നടത്തിയത്.
സമീപകാലത്ത് ജലീലിന്‍റെ പല നിലപാടുകളും സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയത് കണക്കിലെടുത്താകാം ശൈലജയുടെ ആത്മഗതമെന്ന് വ്യാഖ്യാനമുണ്ടായി. എന്നാല്‍ താന്‍ പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് ഖേദകരമാണെന്ന് പിന്നാലെ ശൈലജ ഫേസ് ബുക്കില്‍ വിശദീകരിച്ചു.
കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ്:
'നിയമസഭയിൽ ചൊവ്വാഴ്‌ച ലോകായുക്ത (ഭേദഗതി) ബിൽ സബ്‌ജക്‌ട് കമ്മിറ്റിക്ക് അയക്കാനുള്ള പ്രമേയം അവതരിപ്പിച്ചത് ഞാനാണ്. പ്രസംഗത്തിനിടെ ബഹു അംഗം കെ ടി ജലീൽ ഒരു ചോദ്യം ഉന്നയിച്ചു. അതിനുവഴങ്ങി സീറ്റിൽ ഇരിക്കുമ്പോൾ, പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോർത്ത് അടുത്തിരുന്ന സ. സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്. അത് ഡോ. ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്‌ടവുമാണ്'. ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.