തിരുവനന്തപുരം: പ്രണയദിനത്തിൽ ചരിത്രം കുറിച്ച് ശ്യാമയും മനുവും വിവാഹിതരായി. ട്രാൻസ്ജെൻഡർ സ്വത്വം ഔദ്യോഗികമായി രേഖപ്പെടുത്തിയ പങ്കാളികളുടെ രാജ്യത്തെ ആദ്യ വിവാഹമാണിത്. തിരുവനന്തപുരം ഇടപ്പഴഞ്ഞി അളകാപുരി ഓഡിറ്റോറിയത്തിലാണ് തൃശൂര്‍ സ്വദേശി മനു കാർത്തികയും കരമന സ്വദേശി ശ്യാമ എസ് പ്രഭയും വിവാഹിതരായത്. ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.
ട്രാൻസ്ജെൻഡർ സമൂഹത്തിൻ്റെ പുരോഗതിയിലെ പ്രധാന ചുവടുവയ്പ്പാണ് തങ്ങളുടെ വിവാഹമെന്ന് ഇരുവരും പ്രതികരിച്ചു. പത്തുവർഷമായി സുഹൃത്തുക്കളായ ഇരുവരും അഞ്ചുവർഷം മുമ്പാണ് വിവാഹിതരാകാൻ തീരുമാനിച്ചത്. വിവാഹത്തിന് തീരുമാനമെടുത്ത ശേഷമാണ് ഇരുവരും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായത്.
നിലവിലുള്ള ട്രാൻസ്ജെൻഡർ വിവാഹനിയമപ്രകാരം ഇവരുടെ വിവാഹത്തിന് നിയമ സാധുതയില്ല. അതിനാൽ വിവാഹ രജിസ്ട്രേഷനായി സർക്കാരിനെയും കോടതിയേയും വൈകാതെ സമീപിക്കും. ടെക്നോപാർക്കിൽ സീനിയർ എച്ച്ആർ എക്‌സിക്യൂട്ടീവ് ആണ് മനു കാർത്തിക. ആക്‌ടിവിസ്റ്റും സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള ട്രാൻസ്ജെൻഡർ സെല്ലിൽ പ്രോജക്‌റ്റ് കോഡിനേറ്ററുമാണ് ശ്യാമ എസ് പ്രഭ.
Also read: ഈ പ്രണയ ദിനത്തില്‍ ചരിത്രം കുറിക്കാൻ ഒരു ട്രാൻസ്ജെൻഡർ വിവാഹം