തിരുവനന്തപുരം : വാക്‌സിനേഷനില്‍ മികച്ച നിലയിലുള്ള സംസ്ഥാനത്തെ ആറ് ജില്ലകളില്‍ കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന മാത്രം നടത്തിയാല്‍ മതിയെന്ന് തീരുമാനം.
വാക്‌സിനേഷന്‍ എണ്‍പത് ശതമാനം പൂര്‍ത്തീകരിച്ച മൂന്ന് ജില്ലകളിലും എണ്‍പത് ശതമാനത്തോടടുത്ത മൂന്ന് ജില്ലകളിലും ആര്‍ടിപിസിആര്‍ പരിശോധന മാത്രം നടത്താനാണ് തീരുമാനം.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
ആറ് ജില്ലകളില്‍ ആര്‍ടിപിസിആര്‍ മാത്രം
വയനാട്, പത്തനംതിട്ട, എറണാകുളം എന്നr ജില്ലകളിലാണ് എണ്‍പത് ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചത്. വാക്‌സിനേഷന്‍ എണ്‍പത് ശതമാനത്തിന് അടുത്തെത്തിയ സാഹചര്യത്തില്‍ തിരുവനന്തപുരം, ഇടുക്കി, കാസര്‍കോട് ജില്ലകളിലും ആര്‍ടിപിസിആര്‍ ടെസ്റ്റ് മാത്രമാകും നടത്തുക.
അതോടൊപ്പം എല്ലാ ജില്ലകളിലും ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.
ജില്ലകള്‍ക്ക് വാക്‌സിന്‍ വിതരണം നടത്തുമ്പോള്‍ താരതമ്യേന കുറഞ്ഞ തോതില്‍ വാക്‌സിനേഷന്‍ നടന്ന ജില്ലകളെ പരിഗണിച്ച് ക്രമീകരണം ഉണ്ടാക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാക്‌സിനേഷന്‍ കണക്കെടുത്ത് ആനുപാതികമായി വാക്‌സിന്‍ നല്‍കാന്‍ ജില്ലകളും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
വാര്‍ഡ് തല ലോക്ക്‌ഡൗണ്‍
ഗ്രാമപഞ്ചായത്തുകളില്‍ വാര്‍ഡ് തലത്തില്‍ കൊവിഡ് പരിശോധന വിവരങ്ങള്‍ ശേഖരിച്ച് വാര്‍ഡ് തല ലോക്ക്‌ഡൗണ്‍ രീതിയിലേക്ക് മാറും.
നിലവില്‍ ഡബ്ല്യുഐപിആര്‍ ഏഴില്‍ കൂടുതലുള്ള പഞ്ചായത്തുകളില്‍ പൂര്‍ണ ലോക്ക്ഡൗണാണ്. അധ്യാപകരെ സെക്‌ടറല്‍ മജിസ്‌ട്രേറ്റ് ജോലിയില്‍ നിന്ന് ഒഴിവാക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
വീടുകളില്‍ കഴിയുന്ന കൊവിഡ് ബാധിതരില്‍ വാക്‌സിനേഷന്‍ സ്വീകരിച്ച ശേഷം കൊവിഡ് ബാധിച്ച എത്ര പേരുണ്ടെന്ന കണക്ക് എടുക്കണമെന്നും അവലോകന യോഗം തീരുമാനിച്ചു.
Read more: സംസ്ഥാനത്ത് 30,203 പേര്‍ക്ക് കൂടി COVID 19 ; 115 മരണം