തിരുവനന്തപുരം: സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണര്‍ വിന്‍സണ്‍ എം പോള്‍ വിരമിച്ചു. വിജിലന്‍സ് ഡയറക്ടറായി വിരമിച്ച വിന്‍സണ്‍ എം പോള്‍ 2016 ല്‍ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്താണ് മുഖ്യ വിവരാവകാശ കമ്മിഷണറായി നിയമിതനായത്. മന്ത്രിസഭാ രേഖകള്‍ വിവരാവകാശ നിയമപ്രകാരം ജനങ്ങള്‍ക്കു ലഭ്യമാക്കണം എന്നതുള്‍പ്പെടെ നിര്‍ണായക തീരുമാനങ്ങള്‍ എടുത്താണ് വിന്‍സണ്‍ എം പോള്‍ വിരമിക്കുന്നത്.
ബാര്‍ കോഴക്കേസ് വിജിലന്‍സ് അന്വേഷിക്കുന്ന കാലത്ത് വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സണ്‍ എം.പോള്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. സുകേശന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞത് വന്‍ വിവാദത്തിനു തിരികൊളുത്തിയിരുന്നു. കെ.എം മാണിയെ പ്രതിയാക്കിയാണ് സുകേശന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ആവശ്യത്തിനു തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സുകേശന്‍റെ റിപ്പോര്‍ട്ട് വിന്‍സണ്‍ എം പോള്‍ തള്ളിയത്. 1984 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന വിന്‍സണ്‍ എം പോള്‍ വിവാദമായ നിരവധി കേസുകളുടെ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിട്ടുണ്ട്.
വിന്‍സണ്‍ എം പോള്‍ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തില്‍ പുതിയ സി.ഐ.സി സ്ഥാനത്തേക്ക് സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിയമഭേദഗതിയിലൂടെ മുഖ്യവിവരാവകാശ കമ്മിഷണര്‍ പദവിയുടെ കാലാവധി മൂന്ന് വര്‍ഷമാക്കിയിരുന്നു. പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ, ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, നെതര്‍ലാന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതി വേണു രാജാമണി എന്നിവരെയാണ് സര്‍ക്കാര്‍ മുഖ്യ വിവരാവകാശ കമ്മിഷണര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നത്.