തിരുവനന്തപുരം: ഗൗരിയമ്മയുടെയും ബാലകൃഷ്‌ണപിള്ളയുടെയും പേരിൽ സ്‌മാരകമല്ല പഠന സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം. ചോദ്യോത്തര വേളയിലായിരുന്നു സ്‌മാരകത്തിന് പകരം വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യം ഒരുക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചത്. കൈയ്യടിയ്‌ക്ക് വേണ്ടി ചോദ്യം ചോദിക്കരുതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇതിന് മറുപടി നല്‍കി.
Also read: എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠന സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി
ബജറ്റില്‍ ഗൗരിയമ്മയ്ക്കും ബാലകൃഷ്‌ണപിള്ളയ്ക്കും സ്‌മാരകം പണിയുന്നതിന് രണ്ടുകോടി രൂപ വീതം പ്രഖ്യാപിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് വിദ്യാർഥികൾക്ക് പഠന സൗകര്യം ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ എന്ന് പ്രതിപക്ഷത്ത് നിന്നും പി.സി വിഷ്‌ണുനാഥ് എംഎല്‍എയാണ് ചോദ്യം ഉന്നയിച്ചത്. കൊവിഡ് വാക്‌സിന്‍ കേന്ദ്രസർക്കാർ സൗജന്യമാക്കിയ സാഹചര്യത്തിൽ വാക്‌സിന്‍ ചലഞ്ചിലൂടെ ലഭിച്ച പണം ഉപയോഗിച്ച് പഠനസഹായവും ഒരുക്കണമെന്ന് പി.സി വിഷ്‌ണുനാഥ് ആവശ്യപ്പെട്ടു.
എന്നാല്‍ എടുക്കാൻ പറ്റാത്ത ഉത്തരവാദിത്വം കൈയ്യടിയ്ക്ക് വേണ്ടി ഏറ്റെടുക്കാൻ കഴിയില്ലെന്നായിരുന്നു ധനമന്ത്രി കെ.എൻ ബാലഗോപാലിന്‍റെ മറുപടി. സര്‍ക്കാര്‍ ഒരു പദ്ധതി പ്രഖ്യാപിച്ചാൽ അതിന് കോടികളുടെ ചിലവ് വരും. പ്രായോഗികമായ നിർദേശം അല്ലെന്നും മന്ത്രി വിഷ്‌ണുനാഥിന്‍റെ ചോദ്യത്തിന് മറുപടി നല്‍കി.