തിരുവനന്തപുരം: കേരളത്തിന്‍റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ.വിശ്വാസ് മേത്ത ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ടോം ജോസില്‍ നിന്നാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പദത്തില്‍ നിന്നാണ് മേത്ത സംസ്ഥാന ചീഫ് സെക്രട്ടറിയായത്. രാവിലെ 10 മണിയോടെ സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫിസിലെത്തിയാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനാണ് മുഖ്യ പരിഗണനയെന്ന് സ്ഥാനമേറ്റെടുത്ത ശേഷം വിശ്വാസ് മേത്ത പറഞ്ഞു.
താന്‍ ചീഫ് സെക്രട്ടറിയായിരുന്ന രണ്ട് വര്‍ഷവും വെല്ലുവിളി നിറഞ്ഞതായിരുന്നെന്ന് ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിച്ച ടോം ജോസ് പറഞ്ഞു.
1986 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡോ.വിശ്വാസ് മേത്ത കൊല്ലം അസിസ്റ്റന്‍റ് കലക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് മാനന്തവാടി അസിസ്റ്റന്‍റ് കലക്ടര്‍, സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ എം.ഡി, ഇടുക്കി ജില്ലാ കലക്ടര്‍, മില്‍മ എം.ഡി എന്നീ സ്ഥാനങ്ങളും വഹിച്ചു. 1998 ല്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പ്രവേശിച്ച മേത്ത 2005 ല്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിയായി കേരളത്തില്‍ മടങ്ങിയെത്തി.
2016ല്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിയും തുടര്‍ന്ന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയും വിശ്വാസ് മേത്തക്കായിരുന്നു. രാജസ്ഥാന്‍ സ്വദേശിയായ മേത്ത സാംസ്‌കാരിക ടൂറിസവും ഭരണ നിര്‍വഹണവും എന്ന വിഷയത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. 2021 ഫെബ്രുവരിയില്‍ വിശ്വാസ് മേത്ത വിരമിക്കും.