തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിൻ്റെ ആദ്യ ദിനം തന്നെ ഭരണ പ്രതിപക്ഷ തർക്കം. സർക്കാരിനെതിരായ പ്രതിഷേധം കടുപ്പിച്ചാണ് പ്രതിപക്ഷം നിയമസഭയിൽ എത്തിയത്. പീഡന പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി എ.കെ ശശീന്ദ്രൻ ഇടപെട്ട സംഭവം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.സി വിഷ്‌ണുനാഥ് എംഎല്‍എ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നൽകി.
കഴിഞ്ഞ ദിവസങ്ങളിൽ സഭയ്ക്ക് പുറത്ത് ഈ വിഷയം ഉന്നയിച്ച് പ്രതിഷേധം ശക്തമാക്കിയ പ്രതിപക്ഷം നിയമസഭയിലും വിഷയം സജീവമാക്കി. ഭരണ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വിഷ്‌ണുനാഥ് ആരോപിച്ചു. എന്നാൽ മന്ത്രി എ.കെ ശശീന്ദ്രനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയുടേത്.
പാർട്ടിക്കാരൻ എന്ന നിലയിൽ പാർട്ടി പ്രശ്‌നം ഒത്തുതീർപ്പാക്കാനാണ് മന്ത്രി വിളിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാൽ മുഖ്യമന്ത്രിയുടെ ന്യായീകരണം വിസ്‌മയിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പീഡന പരാതി എങ്ങനെയാണ് നല്ല രീതിയിൽ തീർക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മന്ത്രിമാർക്ക് അതിനു വേണ്ട ഉപദേശം മുഖ്യമന്ത്രി കൊടുത്തിട്ടുണ്ടോയെന്നറിയില്ലെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. സ്‌പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.