തിരുവനന്തപുരം: അന്തരിച്ച തൃക്കാക്കര എംഎല്‍എ പി.ടി തോമസിന് ആദരമര്‍പ്പിച്ച് നിയമസഭ. കക്ഷി രാഷ്ട്രീയ വ്യത്യസമില്ലാതെ എല്ലാവരും പി.ടിയുടെ നിലപാടുകളിലെ വ്യക്തത അനുസ്‌മരിച്ചു. സ്വയം ശരിയെന്ന് തോന്നുന്ന നിലപാടുകള്‍ കൈക്കൊള്ളുകയായിരുന്നു പി.ടി തോമസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ചിലപ്പോഴൊക്കെ വ്യക്തിപരമായി വിമര്‍ശനമായി മാറുമെങ്കിലും ആ ശബ്‌ദം അവഗണിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്‍റെ ബോധ്യത്തിന് അനുസരിച്ച് അചഞ്ചലമായാണ് പി.ടി തോമസ് നിലനിന്നതെന്ന് സ്‌പീക്കര്‍ എം.ബി രാജേഷ് അനുസ്‌മരിച്ചു. സഭ നടപടികളില്‍ ഉത്തരവാദിത്തവും പ്രതിബദ്ധതയും പുലര്‍ത്തിയ സമാജികനാണെന്നും സ്‌പീക്കര്‍ പറഞ്ഞു. ഏറ്റെടുക്കുന്ന ഏത് നിയോഗവും ഉത്തരവാദിത്തത്തോടെ നിറവേറ്റിയ നേതാവായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഓര്‍മിച്ചു. പോരാട്ടങ്ങള്‍ക്ക് മുന്നില്‍ കുന്തമുനയായി നിന്ന പി.ടി അവസാന കാലം വരെ ഉള്ളിലെ തീ അണയാതെ കാത്തെന്നും സതീശന്‍ പറഞ്ഞു.
ഒപ്പം നിന്നവര്‍ കൈ വിട്ടപ്പോഴും പറഞ്ഞതൊന്നും പി.ടി തോമസ് മാറ്റിപ്പറഞ്ഞില്ലെന്ന് സിപിഐ നിയമസഭ കക്ഷി നേതാവ് ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. വലിയ വില കൊടുക്കേണ്ടി വന്നാലും സ്വന്തം ആദര്‍ശത്തില്‍ ഉറച്ച് നിന്നെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും വാളിന്‍റെ വായ്ത്തല പോലെ മൂര്‍ച്ഛയുള്ള വാക്കുകളായിരുന്നു പി.ടിയുടേതെന്ന് പി.ജെ ജോസഫും അഭിപ്രായപ്പെട്ടു. പിടിയുടെ സ്‌മരണകള്‍ക്ക് മുന്നില്‍ ആദരമര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
Also read: 'എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാം'; തലശ്ശേരിയിലെ ബി.ജെ.പി നേതാവിന്‍റെ പ്രസംഗം പുറത്ത്