തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനത്തിനായി സംസ്ഥാന സര്‍ക്കാറിന്‍റെ ഹെലികോപ്റ്റര്‍ ദൗത്യം. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിയിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച കൊട്ടാരക്കര സ്വദേശി അനുജിത്തിന്‍റെ ഹൃദയവുമായാണ് ഹെലികോപ്റ്റര്‍ കൊച്ചിയിലെത്തിയത്. ഈ മാസം പതിനാലിനാണ് കൊട്ടാരക്കരക്ക് സമീപം നടന്ന വാഹനാപകടത്തില്‍ അനുജിത്തിന് പരിക്കേറ്റത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന അനുജിത്തിനെ ഉടന്‍ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കിംസ് ആശുപത്രിയിലുമെത്തിച്ചു. ജീവന്‍ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങളും ഡോക്ടര്‍മാര്‍ നടത്തിയെങ്കിലും 17ന് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഭാര്യ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു.
അനുജിത്തിന്‍റെ ഹൃദയം, വൃക്കകള്‍, കണ്ണുകള്‍, ചെറുകുടല്‍, കൈകള്‍ എന്നിവ ദാനം ചെയ്യാനാണ് കുടുംബം തയ്യാറായത്. എറണാകുളം ലിസി ഹോസ്‌പിറ്റലില്‍ ചികിത്സയിലുള്ള തൃപ്പൂണിത്തുറ സ്വദേശി സണ്ണി തോമസിനാണ് ഹൃദയം തുന്നി ചേര്‍ക്കുക. ഹൃദയം വേഗത്തിലെത്തിക്കാനായി മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ വാടകക്കെടുത്ത ഹെലികോപ്റ്റര്‍ വിട്ടു നല്‍കി. ഹെലികോപ്റ്ററിന്‍റെ രണ്ടാം അവയവ ദൗത്യമായിരുന്നു ഇന്നത്തേത്. സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായിരുന്ന അനുജിത്ത് ലോക്ക് ഡൗണ്‍ ആയതോടെ കൊട്ടാരക്കരയിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ സെയില്‍സ്മാനായിരുന്നു. ഭാര്യ പ്രിന്‍സി സ്വര്‍ണക്കടയിലെ ജീവനക്കാരിയാണ്. മൂന്ന് വയസുള്ള ഒരു മകനുണ്ട്.
ചന്ദനത്തോപ്പ് ഐ.ടി.ഐ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ അനുജിത്ത് നൂറുകണക്കിന് ട്രെയിന്‍ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചിട്ടുണ്ട്. റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് അര കിലോമീറ്ററോളം ട്രാക്കിലൂടെ ഓടി ചുവന്ന പുസ്തക സഞ്ചി വീശി അപായ സൂചന നല്‍കി ട്രയിന്‍ നിര്‍ത്തിച്ചത് അനുജിത്തും സുഹൃത്തുക്കളുമായിരുന്നു. എട്ട് പേരിലൂടെ ഓര്‍മ നിലനിര്‍ത്തിയാണ് അനുജിത്ത് യാത്രയാകുന്നത്.