തിരുവനന്തപുരം : സഹകരണ സൊസൈറ്റികൾക്ക് ബാങ്ക് എന്ന പേരിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന റിസർവ് ബാങ്ക് നിർദേശത്തിനെതിരെ സംസ്ഥാന സർക്കാർ. തീരുമാനം ആർബിഐ പുനപ്പരിശോധിക്കണം. ആർബിഐ സർക്കുലറിലെ നിർദേശത്തെ നിയമപരമായി പ്രതിരോധിക്കാൻ നിയമവിദഗ്‌ധരുമായി കൂടിയാലോചന നടത്തുമെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.
സംസ്ഥാനത്ത് കാർഷിക രംഗത്ത് ഉള്‍പ്പടെ സഹകരണ മേഖല നൽകുന്ന സേവനത്തിൻ്റെ സവിശേഷത ബോധ്യപ്പെടുത്തി കേന്ദ്ര സർക്കാരിന് നിവേദനം നൽകും. സഹകരണം സംസ്ഥാന വിഷയമായതിനാൽ കേന്ദ്രം ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കുന്ന സുപ്രീംകോടതി ഭരണഘടന ബഞ്ചിൻ്റെ സുപ്രധാന വിധികൾ നിലവിലുണ്ട്.
ഇക്കാര്യം കണക്കിലെടുത്താണ് നിയമോപദേശം തേടുന്നത്. സഹകരണ മേഖലയുടെ പൊതുവായ വീക്ഷണത്തിൽ നിന്ന് വ്യത്യസ്‌തമാണ് കേന്ദ്ര സർക്കാരിൻ്റെ പുതിയ നിലപാട്. ഇതിന് ആർബിഐയെ പ്രയോജനപ്പെടുത്തുകയാണെന്നും വി.എൻ വാസവൻ ആരോപിച്ചു.
Also read: RBI Guidelines : 'ബാങ്ക് എന്ന് ഉപയോഗിക്കരുത്' ; സുപ്രീം കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍
സൊസൈറ്റി അംഗങ്ങൾ അല്ലാത്തവരിൽ നിന്ന് നിക്ഷേപം സ്വീകരിക്കാനാവില്ല. ആർബിഐ മേൽനോട്ടത്തിലുള്ള ഡിപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗാരൻ്റി കോർപ്പറേഷൻ (DICGC) വഴിയുള്ള ബാങ്ക് നിക്ഷേപ സുരക്ഷ ഇത്തരം സൊസൈറ്റികളിലെ ഇടപാടുകൾക്ക് ലഭിക്കില്ല തുടങ്ങിയ മുന്നറിയിപ്പുകളും ഉൾപ്പെട്ടതാണ് ആർബിഐ കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കുലർ.