തിരുവനന്തപുരം: സംസ്ഥാനത്തെ സിറോ സർവെ ഫലം പുറത്ത് വിട്ട് സർക്കാർ. നിയമസഭയില്‍ രേഖാമൂലമുള്ള മറുപടിയ്‌ക്കൊപ്പമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സിറോ സര്‍വയലന്‍സ് പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 18 വയസിന് മുകളിലുള്ളവരില്‍ 82.6 ശതമാനം പേരില്‍ കൊവിഡ് ആന്‍റിബോഡി കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ആറ് വിഭാഗങ്ങളിലായി 13,336 സാമ്പിളുകളാണ് പരിശോധിച്ചത്. 17 വയസിന് താഴെയുള്ള കുട്ടികളില്‍ 40.2 ശതമാനം പേരിലും 49 വയസുവരെയുള്ള ഗർഭിണികളായ സ്ത്രീകളിൽ 65.4 ശതമാനം പേരിലും ആന്‍റിബോഡി സാന്നിധ്യവും പഠനത്തിൽ കണ്ടെത്തി. ആദിവാസി മേഖലയിൽ 18 വയസിന് മുകളിൽ 78.2 പേർക്ക് ആന്‍റിബോഡി സാന്നിധ്യമുണ്ട്. തീരദേശ മേഖലയിൽ 87.7 ശതമാനവും ചേരി പ്രദേശങ്ങളിൽ 85.3 ശതമാനം പേരും പ്രതിരോധ ശേഷി കൈവരിച്ചു.
പരിശോധന നടത്തിയത് 6 വിഭാഗങ്ങളിലായി
18 വയസിന് മുകളില്‍ പ്രായമുള്ളവരിലെ രോഗാണുബാധ എത്രത്തോളമാണെന്ന് കണ്ടെത്തുക, ആശുപത്രികളിലെത്തുന്ന 18നും 49നും മധ്യേ പ്രായമുള്ള ഗര്‍ഭിണികളില്‍ രോഗാണുബാധ കണ്ടെത്തുക, കുട്ടികളെ എത്രത്തോളം കൊവിഡ് ബാധിച്ചു, ആദിവാസി തീരമേഖലകളിലെ വ്യാപനത്തിന്‍റെ സ്ഥിതി, നഗര ചേരി പ്രദേശങ്ങളില്‍ വസിക്കുന്ന മുതിര്‍ന്നവരില്‍ എത്ര ശതമാനം പേര്‍ക്ക് രോഗബാധയുണ്ടെന്നറിയുക എന്നിവ ലക്ഷ്യമാക്കിയായിരുന്നു പഠനം.
18 വയസിനും അതിനു മുകളിലും പ്രായമുള്ള വിഭാഗത്തില്‍ 4429 സാമ്പിളുകളില്‍ 3650 സാമ്പിളുകളില്‍ ആന്‍റിബോഡി സാന്നിധ്യം കണ്ടെത്തി. 49 വയസുള്ള ഗര്‍ഭിണികളുടെ വിഭാഗത്തില്‍ പരിശോധന നടത്തിയ 2274 സാമ്പിളുകളില്‍ 1487 എണ്ണം പോസിറ്റീവ് ആയിരുന്നു. കുട്ടികളുടെ വിഭാഗത്തില്‍ പരിശോധിച്ച 1459 സാമ്പിളുകളില്‍ 586 എണ്ണം പോസിറ്റീവായി.
വാക്‌സിനേഷന്‍ ഗുണം ചെയ്‌തു
18 വയസിനും അതിന് മുകളിലും പ്രായമുള്ള ആദിവാസി ജനസംഖ്യ വിഭാഗത്തില്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്‌തതില്‍ 1521 സാമ്പിളുകളില്‍ 1189 എണ്ണം പോസിറ്റീവ് ആയിരുന്നു. തീരദേശ വിഭാഗത്തില്‍ 1476 സാമ്പിളുകളില്‍ 1294 എണ്ണം പോസിറ്റീവ് ആയിരുന്നു. നഗര ചേരികളില്‍ താമസിക്കുന്നവരില്‍ 1706 സാമ്പിളുകളില്‍ 1455 എണ്ണം പോസിറ്റീവായി.
കൂടുതല്‍ പേരില്‍ ആന്‍റിബോഡി സാന്നിധ്യം കണ്ടെത്തിയത് വാക്‌സിനേഷനില്‍ ഏറെ മുന്നില്‍ പോകാന്‍ കഴിഞ്ഞതിന്‍റെ നേട്ടമായാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്. ആന്‍റി സ്‌പൈക്ക് ആന്‍റിബോഡി, ആന്‍റി ന്യൂക്ലിയോകാപ്പിഡ് ആന്‍റിബോഡി എന്നിവയുടെ അടിസ്ഥാനത്തിലാണ് സിറോ പ്രിവലന്‍സ് കണക്കാക്കുന്നത്.
പഠനം സ്‌കൂള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍
കൊവിഡ് ബാധയിലൂടെയോ വാകിനേഷനിലൂടെയോ ആണ് ഒരു വ്യക്തിയില്‍ ആന്‍റി സ്‌പൈക്ക് ആന്‍റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. സ്വാഭാവിക അണുബാധയുണ്ടാകുമ്പോഴോ കൊവിഷീല്‍ഡ് വാക്‌സിന്‍ ഒഴികെയുള്ള കൊവിഡ് പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുമ്പോഴോ ആണ് ആന്‍റി ന്യൂക്ലിയോകാപ്പിഡ് ആന്‍റിബോഡികള്‍ ഒരു വ്യക്തിയില്‍ ഉത്പാദിപ്പിക്കപ്പെടുന്നത്.
സ്‌കൂളുകള്‍ കൂടി തുറക്കുന്ന പശ്ചാത്തലത്തിലായിരുന്നു സിറോ സര്‍വയലന്‍സ് പഠനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. നേരത്തെ ഐസിഎംആര്‍ നടത്തിയ സിറോ സര്‍വയലന്‍സ് പഠനത്തില്‍ കേരളത്തില്‍ 50 ശതമാനത്തിലധികം പേരിലും ആന്‍റിബോഡി കണ്ടെത്തിയിരുന്നില്ല. ഇതുകാരണമാണ് സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം കൂടുന്നതെന്നായിരുന്നു വിലയിരുത്തല്‍.
Also read: Covid 19 : സംസ്ഥാനത്ത് സിറോപ്രിവെലന്‍സ് പഠനം നടത്താന്‍ ആരോഗ്യ വകുപ്പ്