തിരുവനന്തപുരം: വനിത മത്സ്യവിപണന തൊഴിലാളികള്‍ക്ക് സൗജന്യ യാത്ര സംവിധാനവുമായി സംസ്ഥാന സര്‍ക്കാര്‍. ഫിഷറീസ്, ഗതാഗത വകുപ്പുകള്‍ സംയുക്തമായാണ് 'സമുദ്ര' എന്ന പേരില്‍ പദ്ധതി നടപ്പാക്കുന്നത്. മത്സ്യവിപണനം നടത്തുന്ന സത്രീകള്‍ക്ക് വിവിധ ഹാര്‍ബറുകളില്‍ നിന്ന് നഗരത്തിലെ വിവിധ പ്രദേശങ്ങളിലെ വില്പന കേന്ദ്രങ്ങളിലേക്കാണ് യാത്ര സൗകര്യം. ഇതിനായി കെഎസ്ആര്‍ടിസി പ്രത്യേക രൂപകല്പന ചെയ്‌ത ബസുകള്‍ ഒരുക്കിയിട്ടുണ്ട്.
മീന്‍പാത്രങ്ങള്‍ നേരിട്ട് കയറ്റാം
ബസ് ഓടിക്കുന്നതിനുള്ള വാടക ഫിഷറീസ് വകുപ്പ് കെഎസ്ആര്‍ടിസിക്ക് നല്‍കും. പ്രത്യേകം രൂപവത്കരിച്ച ബസുകളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് തലച്ചുമടായി കൊണ്ടു വരുന്ന മീന്‍പാത്രങ്ങള്‍ നേരിട്ട് കയറ്റാനുള്ള സംവിധാനമുണ്ട്. ലോ ഫ്‌ളോര്‍ ബസാണ് രൂപകല്‍പ്പന ചെയ്‌ത് സമുദ്ര ബസായി മാറ്റിയിരിക്കുന്നത്.
ആദ്യഘട്ടമെന്ന നിലയില്‍ തിരുവനന്തപുരത്താണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. മൂന്ന് ബസുകളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. രാവിലെ ആറുമണി മുതല്‍ രാത്രി പത്തുമണി വരെ ബസുകള്‍ സര്‍വീസ് നടത്തും. ഹാര്‍ബറുകളില്‍ നിന്നും രണ്ട് സര്‍വീസുകളാണ് നടത്തുന്നത്.
മറ്റ് ജില്ലകളിലേക്കും വിപുലീകരിക്കും
ഓട്ടോകളിലും മറ്റു വാടക വാഹനങ്ങളിലും അമിത വാടക നല്‍കി യാത്ര ചെയ്യുന്നവര്‍ക്ക് പദ്ധതി സഹായകരമാകുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ അഭിപ്രായം. തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി മറ്റ് ജില്ലകളിലേക്കും വിപുലീകരിക്കും.
സമുദ്ര ബസുകളുടെ സര്‍വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്‌തു. മന്ത്രിമാരായ സജി ചെറിയാന്‍, വി ശിവന്‍കുട്ടി, ആന്‍റണി രാജു, ജി.ആര്‍ അനില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Read more: വഴിയോര കച്ചവടക്കാരിയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ചു ; പൊലീസിനെതിരെ വീണ്ടും പരാതി