തിരുവനന്തപുരം: ഓൺലൈൻ റമ്മി തടയാൻ ഗെയിമിങ് നിയമങ്ങൾ ഭേദഗതി ചെയ്യാനൊരുങ്ങി കേരള സർക്കാർ. റമ്മി പോലുള്ള ഗെയിമുകൾ പലരെയും സാമ്പത്തിക തകർച്ചയിലേക്ക് തള്ളിവിടുന്ന സാഹചര്യത്തിലാണ് ഗെയിമിങ് നിയമങ്ങൾ ഭേദഗതി ചെയ്യുന്ന കാര്യം പരിഗണനയിലാണെന്ന സർക്കാർ നിലപാട് വ്യക്തമാക്കിയത്. പണം വച്ചുള്ള ഓൺലൈൻ റമ്മി ഗെയിമുകൾ നിരോധിച്ചത് റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്‌ജി ഉത്തരവിനെതിരെ കേരള ഹൈക്കോടതിയിൽ സര്‍ക്കാര്‍ ഫയല്‍ ചെയ്‌ത അപ്പീല്‍ ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.
പണത്തിനു വേണ്ടി കളിക്കുന്ന ഓൺലൈൻ റമ്മി ഗെയിമുകൾ നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യണമെന്ന യുഡിഎഫ് എംഎൽഎ എ.പി അനിൽ കുമാറിന്‍റെ സബ്‌മിഷനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. അപ്പീലിന്‍റെ ഫലത്തിന് വിധേയമായി ഗെയിമിങ് ഭേദഗതി കൊണ്ടുവരുന്നത് സർക്കാർ പരിഗണിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നിയമഭേദഗതി വരുത്തുന്നത് വരെ പൊലീസ് ഉൾപ്പെടെയുള്ള വിവിധ സംസ്ഥാന വകുപ്പുകൾ സ്‌കൂളുകളിലും കോളജുകളിലും ബോധവത്‌ക്കരണ പരിപാടികൾ നടത്തുന്നുണ്ട്. കൂടാതെ സോഷ്യൽ പൊലീസ് സംവിധാനം(social policing system), സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളുടെ വിവിധ പദ്ധതികൾ, മാധ്യമങ്ങൾ വഴിയുള്ള ബോധവത്‌ക്കരണ കാമ്പയിനുകൾ എന്നിവയും നടപ്പാക്കുന്നുണ്ട്.
ഇത്തരം ഗെയിമിന് പിന്നിലെ ചതിക്കുഴികൾ: കുട്ടികൾ ഉള്‍പ്പെടെയുള്ളവർക്ക് ഇത്തരം ഗെയിമുകൾ കളിക്കാനായി അക്കൗണ്ട് തുറക്കാൻ എളുപ്പമാണ്. ഇത്തരം ഗെയിമുകൾ വൻ സമ്മാനത്തുകയും മറ്റ് ആകർഷകമായ സമ്മാനങ്ങളും വാഗ്‌ദാനം ചെയ്‌ത് ആളുകളെ ആകർഷിക്കുകയും ചെയ്യുന്നു. ആളുകളെ അടിമകളാക്കാൻ ആദ്യം സൗജന്യങ്ങൾ നൽകുക എന്നതാണ് ഇത്തരം സൈറ്റുകളുടെ പ്രവർത്തനരീതി.
അതിനുശേഷം, കൂടുതൽ കളിക്കാനും കൂടുതൽ പണം ചെലവഴിക്കാനും അവരെ പ്രേരിപ്പിക്കുന്നു. എതിർഭാഗത്ത് ആരാണ് കളിക്കുന്നതെന്ന് യാതൊരു സൂചനയുമില്ല. കൃത്രിമബുദ്ധി അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാമുകളാണ് മറുവശത്ത് കളി നിയന്ത്രിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. റമ്മി പോലുള്ള ഓൺലൈൻ ഗെയിമുകളുടെ ജനപ്രീതി വർധിച്ചതോടെ ഇതിനായി വായ്‌പ നല്‍കുന്ന മൊബൈല്‍ ആപ്പുകളും ഓണ്‍ലൈന്‍ വായ്‌പ പരസ്യങ്ങളും വ്യാപകമായി.
ഗെയിമുകളിൽ പണം നഷ്‌ടപ്പെടുന്നവർ കളി തുടരുന്നതിനായി ലോൺ എടുക്കുകയും തുടർന്ന് തിരിച്ചടക്കാനാവാതെ വലിയ സാമ്പത്തിക തകർച്ചയിലേക്ക് വീഴുകയും ചെയ്യുന്നു. വൻതോതിലുള്ള പരസ്യപ്രചാരണങ്ങൾ, പ്രത്യേകിച്ച് സെലിബ്രിറ്റികളെ ഉപയോഗിച്ചുള്ള പ്രചാരണങ്ങൾ ആളുകളെ കൂടുതൽ ഇത്തരം ഗെയിമുകളിലേക്ക് നയിക്കുന്നു. ചില സെലിബ്രിറ്റികൾ അത്തരം പരസ്യങ്ങളിൽ നിന്ന് പിന്മാറാൻ തയ്യാറായത് മാതൃകാപരമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Also read: യുവതിയുടെ ആത്മഹത്യ: കാരണം ഓണ്‍ലൈന്‍ റമ്മികളിയെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്
2021ലെ ഗെയിമിങ് നിയമ ഭേദഗതി: പണത്തിന് വേണ്ടി കളിക്കുന്ന ഓൺലൈൻ റമ്മി ഗെയിമുകൾ നിരോധിക്കുന്നതിനായി 1960ലെ കേരള ഗെയിമിങ് നിയമം സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഭേദഗതി ചെയ്‌തിരുന്നു. എന്നാൽ ഗെയിമിങ് കമ്പനികൾ നൽകിയ ഹർജിയിൽ 2021 സെപ്‌റ്റംബറിൽ ഹൈക്കോടതി ഇത് റദ്ദാക്കി. നിലവിൽ ഓൺലൈൻ റമ്മിക്ക് നിരോധനം ഇല്ലാത്തതിനാൽ ഓൺലൈൻ റമ്മി ഗെയിമുകളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾക്കും മറ്റ് സൈബർ കുറ്റകൃത്യങ്ങൾക്കുമെതിരെ നിയമങ്ങൾക്കനുസൃതമായി പൊലീസ് ശക്തമായ നടപടി സ്വീകരിച്ചുവരികയാണ്.
Also read: ഓൺലൈൻ റമ്മി കളിക്കാം ; സർക്കാർ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി
റമ്മി പരാമർശം കെ ബി ഗണേഷ്‌കുമാർ: സെലിബ്രിറ്റികൾ ഓൺലൈൻ റമ്മിയെ പ്രോത്സാഹിപ്പിക്കുകയും ആളുകളെ കാർഡ് ഗെയിം കളിക്കുന്നതിലേക്ക് ആകർഷിക്കുന്നതിനായി വൻതോതിലുള്ള പരസ്യ കാമ്പയിനുകൾ നടത്തുകയും ചെയ്യുന്നതായി നിയമസഭ ചോദ്യോത്തരവേളയിലും സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഓൺലൈൻ റമ്മി പരസ്യത്തിൽ സിനിമാസാംസ്‌കാരിക രംഗത്തെ പ്രമുഖർ പ്രത്യക്ഷപ്പെടുന്നതും സർക്കാർ അവരെ പിന്തിരിപ്പിക്കണമെന്നും നടനും എംഎൽഎയുമായ കെ ബി ഗണേഷ് കുമാർ നിയമസഭയിലെ ചോദ്യോത്തരവേളയിൽ ആവശ്യപ്പെട്ടിരുന്നു.
Also read: ഓൺലൈൻ ചൂതാട്ടത്തിനായി മോഷണം: യുവാവ് പൊലീസ് പിടിയിൽ