തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ ലോക്ക്‌ഡൗൺ നയം പ്രഖ്യാപിച്ച് സർക്കാർ. തദ്ദേശ അടിസ്ഥാനത്തിൽ 1000 പേരിൽ എത്ര പേർക്ക് രോഗബാധ എന്നതനുസരിച്ചായിരിക്കും നിയന്ത്രണങ്ങൾ. ആയിരം പേരിൽ 10ൽ കൂടുതൽ രോഗബാധ സ്ഥിരീകരിച്ചാൽ ആ പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ ഏർപ്പെടുത്തും.
ഇളവുകള്‍ ഇങ്ങനെ
ട്രിപ്പിൾ ലോക്ക്ഡൗൺ ഇല്ലാത്ത പ്രദേശങ്ങളിൽ ആറ് ദിവസം കടകൾ പ്രവർത്തിക്കാം. രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ ആണ് പ്രവർത്തനാനുമതി.
കടകളിൽ എത്തുന്നവർ ആദ്യ ഡോസ് വാക്‌സിന്‍ എടുത്തവരോ 24 മണിക്കൂർ മുൻപ് ആർടിപിസിആർ പരിശോധന നടത്തിയവരോ ആകുന്നതാണ് അഭികാമ്യം.
വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 പേർക്ക് അനുമതി. ആരാധനാലയങ്ങളിൽ ക്ഷേത്രങ്ങളുടെ വിസ്‌തീർണം അനുസരിച്ച് 40 പേർക്ക് പ്രവേശനം നൽകാം.
ആള്‍ക്കൂട്ടം ഒഴിവാക്കണം
ആൾക്കൂട്ടങ്ങൾ ഉണ്ടാവുന്ന എല്ലാ പൊതുപരിപാടികളും ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ പറഞ്ഞു. കാര്യപരിപാടികൾ മാറ്റിവച്ച് ചട്ടം 300 പ്രകാരമാണ് ആരോഗ്യമന്ത്രി പ്രസ്‌താവന നടത്തിയത്. കേരളത്തിൽ കൊവിഡ് നിയന്ത്രണ ശ്രമങ്ങൾ വിജയകരമാണെന്ന് മന്ത്രി പറഞ്ഞു.
കിടപ്പുരോഗികള്‍ക്കും വാക്‌സിന്‍
മുഴുവൻ ജനങ്ങൾക്കും കുറഞ്ഞ സമയത്തിനുള്ളിൽ വാക്‌സിൻ നൽകണം എന്നതാണ് ലക്ഷ്യം. ഇതുവരെ 44.14 ശതമാനം പേർക്ക് ആദ്യ ഡോസും 17.66 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി.
മൂന്നാം തരംഗ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ 60 വയസിന് മുകളിലുള്ളവർക്കും കിടപ്പുരോഗികൾക്കും വാക്‌സിൻ ലഭ്യമാക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.