ന്യൂഡൽഹി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറിനെതിരെ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ വിസിയെ 'ക്രിമിനൽ' എന്നാണ് ഗവർണർ അഭിസംബോധന ചെയ്‌തത്. കണ്ണൂർ സർവകലാശാലയിൽ വെച്ച് തന്ന കായികമായി നേരിടാൻ വൈസ് ചാൻസലർ ഒത്താശ ചെയ്‌തുവെന്നും ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു.
ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ഗവർണർ ഗുരുതര ആരോപണങ്ങൾ നടത്തിയത്. 2019 ല്‍ കണ്ണൂര്‍ സര്‍വകാലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിലെ സംഭവവുമായി ബന്ധപ്പെട്ടാണ് ഗവർണറുടെ ആരോപണം. പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ അന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് തന്‍റെ പ്രസംഗത്തെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചതും പിന്നീട് കയ്യാങ്കളിയോളമെത്തിയതും ആസൂത്രിത സംഭവമായിരുന്നുവെന്നും അതിന് എല്ലാ ഒത്താശയും കണ്ണൂര്‍ വിസി ചെയ്തെന്നുമാണ് ഗവര്‍ണര്‍ ആരോപിച്ചത്. 'എന്നെ ശാരീരികമായി ആക്രമിക്കാനുള്ള ഗൂഢാലോചനയിൽ വിസിയും പങ്കാളിയായിരുന്നു. അയാൾ ഒരു ക്രിമിനലാണ്. രാഷ്ട്രീയ കാരണങ്ങളാൽ വി.സിയായി തുടരുകയാണ്. എന്നെ ആ പരിപാടിയിലേക്ക് ക്ഷണിച്ച വി.സിയുടെ ജോലി എന്തായിരുന്നു? അദ്ദേഹം വിദ്യാഭ്യാസമില്ലാത്ത ആൾ ഒന്നുമല്ലായിരുന്നല്ലോ? സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതല്ലേ? രാജ്ഭവനിൽ നിന്ന് ചോദിച്ച റിപ്പോർട്ട് അവഗണിക്കുകയാണ് അദ്ദേഹം ചെയ്‌തത്. ഗവർണർ ആരോപിച്ചു.
സാധാരണഗതിയിൽ ഒരു വിസിക്കെതിരെ പരസ്യമായി ആരോപണം ഉന്നയിക്കേണ്ട ആവശ്യം എനിക്കില്ല. വിസിക്കിതിരെ നടപടിയെടുക്കാൻ എനിക്ക് സാധിക്കും. എനിക്ക് അതിനുള്ള അധികാരമുണ്ട്. പക്ഷേ ഈ വിസി മാന്യതയുടെയും അക്കാദമിക് അച്ചടക്കത്തിന്‍റെയും എല്ലാ പരിധികളും ലംഘിച്ചതിനാലാണ് ഞാൻ പരസ്യമായി സംസാരിക്കാൻ നിർബന്ധിതനായത്. അദ്ദേഹം ഒരു വി.സിയെ പോലെയല്ല പാർട്ടി കേഡറിനെ പോലെയാണ് പെരുമാറുന്നത്... ഗവർണർ പറഞ്ഞു.
READ MORE: ബന്ധുനിയമനം അന്വേഷിക്കാന്‍ പ്രത്യേക സമിതി, സർക്കാരിനെതിരെ പരസ്യ പോര്‍മുഖം തുറന്ന് ഗവർണർ
വിസി കണ്ണൂർ സർവകലാശാലയെ തകർത്തുവെന്നും സർവകലാശാലയുടെ സുതാര്യത ഉറപ്പാക്കാനുള്ള ശ്രമമാണ് താൻ നടത്തുന്നതെന്നും ഗവർണർ പറഞ്ഞു. കേരളസര്‍വകലാശാല പ്രമേയം പാസാക്കിയതില്‍ ആർക്കും തന്നെ വിമർശിക്കാം. പദവിയുടെ ധർമം നിർവഹിക്കും. നിയമോപദേശപ്രകാരം മുന്‍പോട്ട് പോകാനാണ് തീരുമാനം. എന്നാൽ സർക്കാരുമായി രാഷ്ട്രീയ പ്രശ്‌നമില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.