തിരുവനന്തപുരം : കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭിക്ഷാംദേഹിയെപ്പോലെ അഞ്ച് രാഷ്ട്രീയ പാര്‍ട്ടികളില്‍ അലഞ്ഞയാളാണെന്നും അദ്ദേഹത്തിന്‍റെ ഉപദേശം തനിക്ക് ആവശ്യമില്ലെന്നുമുള്ള പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ വിമര്‍ശനത്തിന് പിന്നാലെ ചര്‍ച്ചയാകുകയാണ് ആരിഫ് മുഹമ്മദ് ഖാന്‍റെ അടിക്കടിയുള്ള രാഷ്ട്രീയ കാലുമാറ്റം.
ഭാരതീയ ക്രാന്തിദളിലൂടെ രാഷ്‌ട്രീയ പ്രവേശം
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ 1951 നവംബര്‍ 18ന് ജനിച്ച ആരിഫ് മുഹമ്മദ് ഖാന്‍ 1972-73ല്‍ അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍റ്‌സ് യൂണിയന്‍ പ്രസിഡന്‍റായാണ് തന്‍റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ഭാരതീയ ക്രാന്തിദള്‍ സ്ഥാനാര്‍ഥിയായി ഉത്തര്‍പ്രദേശിലെ സിയാന മണ്ഡലത്തില്‍ കന്നിയങ്കം കുറിച്ചെങ്കിലും പരാജയമായിരുന്നു ഫലം.
തൊട്ടടുത്ത വര്‍ഷം 1977ല്‍ സിയാനയില്‍ നിന്ന് മത്സരിച്ച് ആദ്യമായി നിയസഭാംഗമാകുമ്പോള്‍ ഖാന്‍റെ പ്രായം വെറും 26. 1980ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേക്കേറിയ ഖാന്‍ 1980ല്‍ കാണ്‍പൂരില്‍ നിന്നും 1984ല്‍ ബറൈച്ചില്‍ നിന്നും ലോക്‌സഭാംഗമായി.
കോണ്‍ഗ്രസില്‍ നിന്ന് ജനതാദളിലേക്ക്
മുസ്‌ലിം വ്യക്തി നിയമ ബില്ലിന്‍റെ പേരില്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായി ഇടഞ്ഞ് 1986ല്‍ കോണ്‍ഗ്രസ് വിട്ട് ജനതാദളിലെത്തി. കോണ്‍ഗ്രസ് വിട്ട വി.പി സിങ്, അരുണ്‍ നെഹ്‌റു എന്നിവരുമൊത്ത് ഇന്ത്യയില്‍ കോണ്‍ഗ്രസിനെതിരായ ഒറ്റ പ്രതിപക്ഷം എന്ന ആശയം മുന്നോട്ടുവച്ചു.
1989ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി വി.പി സിങ് പ്രതിപക്ഷ ഐക്യ മുന്നണിയുടെ പ്രധാനമന്ത്രിയായി. ആരിഫ് മുഹമ്മദ് ഖാന്‍ മുന്നോട്ടുവച്ച, കോണ്‍ഗ്രസിനെതിരെ ഒറ്റ പ്രതിപക്ഷ സ്ഥാനാര്‍ഥി എന്ന ആശയത്തിലൂടെ ഒരേസമയം സിപിഎമ്മും ബിജെപിയും ഈ സര്‍ക്കാരിന് പിന്തുണ നല്‍കി.
ബിഎസ്‌പിയിലേക്കുള്ള കൂടുമാറ്റം, ഒടുവില്‍ ബിജെപിയില്‍
1990ല്‍ വി.പി സിങ് സര്‍ക്കാര്‍ വീഴും വരെ ആ സര്‍ക്കാരില്‍ സിവില്‍ വ്യോമയാന മന്ത്രിയായിരുന്നു. പിന്നീട് ജനതാദള്‍ വിട്ട് മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍ ചേര്‍ന്ന് 1998ല്‍ വീണ്ടും ലോക്‌സഭാംഗമായി. 2004ല്‍ ബിജെപിയിലെത്തി ഉത്തര്‍പ്രദേശിലെ കൈസര്‍ഗഞ്ച് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയെങ്കിലും എസ്‌പിയിലെ ബേനി പ്രസാദ് വര്‍മയോട് പരാജയപ്പെട്ടു.
തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നിന്ന ഖാന്‍ 2015ല്‍ വീണ്ടും ബിജെപിയിലെത്തി. ഉത്തര്‍പ്രദേശ് പോലൊരു സംസ്ഥാനത്ത് ഒരു ന്യൂനപക്ഷ മുഖമായി ഖാനെ ബിജെപി അവതരിപ്പിച്ചു. 2019 സെപ്‌റ്റംബര്‍ 6ന് പി സദാശിവത്തിന്‍റെ പിന്‍ഗാമിയായി ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണറായി രാഷ്ട്രപതി നിയമിക്കുകയും ചെയ്‌തു.
Also read: 'രാഷ്ട്രീയ സ്ഥിരതയില്ലാത്ത ഗവർണറുടെ ഉപദേശം ആവശ്യമില്ല'; ആരിഫ് മുഹമ്മദ് ഖാനെതിരെ വി.ഡി സതീശൻ