തിരുവനന്തപുരം: നെല്ലിക്കട്ടയിൽ പൊള്ളലേറ്റ കുട്ടികളുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍റെ വി കെയര്‍ പദ്ധതിയിലൂടെയാണ് ചികിത്സാ ചെലവ് വഹിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. നെല്ലിക്കട്ടയിലെ എ.പി താജുദ്ദീന്‍ നിസാമി-ത്വയിബ ദമ്പതികളുടെ അഞ്ച് മക്കളില്‍ മൂന്ന് കുട്ടികള്‍ക്കാണ് ഇന്ന് രാവിലെ പൊള്ളലേറ്റത്. ഗുരുതരാവസ്ഥയിലായിരുന്ന എട്ട് വയസുകാരി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു.
മറ്റ് രണ്ട് കുട്ടികളുടെ ചികിത്സാ ചെലവാണ് സര്‍ക്കാര്‍ വഹിക്കുക. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന കുടുംബത്തിന് ചികിത്സാ ചെലവ് കണ്ടെത്താനാകുന്നില്ല. അപകടം സംഭവിച്ചതിന് ശേഷം കുട്ടികളുടെ ആരോഗ്യനില അറിയുന്നതിനായി മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ കേരള സാമൂഹ്യ സുരക്ഷാ മിഷനെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് കുടുംബത്തിന്‍റെ അവസ്ഥ മനസിലാക്കി കെ.കെ ശൈലജ ടീച്ചര്‍ പ്രത്യേക ഇടപെടലിലൂടെ വി കെയര്‍ പദ്ധതി വഴി ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തത്.