തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും വായ്പ അനുവദിക്കുന്നതിൽ റെക്കോഡിട്ട് കേരള ഫിനാൻഷ്യൽ കോർപറേഷൻ. ചെയർമാനും മാനേജിങ് ഡയറക്ടറുമായി ഡിജിപി ടോമിൻ ജെ തച്ചങ്കരി ചുമതലയേറ്റ ആദ്യ മാസമായ സെപ്തംബർ ഒന്നു മുതൽ 30 വരെ മാത്രം 1048.63 കോടി രൂപയാണ് കെഎഫ്‌സി വായ്പയായി അനുവദിച്ചത്. കെഎഫ്‌സിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയാണിത്.
മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതിക്ക് കീഴിൽ 356 ലോണുകളിലായി 45 കോടിയാണ് അനുവദിച്ചത്. 40,000 മുതൽ 50 ലക്ഷം വരെയുള്ള ഈ വായ്പകൾക്ക് സബ്‌സിഡിയുൾപ്പെടെ ഏഴ് ശതമാനം പലിശയ്ക്കാണ് നൽകുന്നത്. ഇതിനു പുറമേ കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷനിലെ സപ്ലൈർമാർക്ക് 110 കോടി, കെഎസ്ഇബിക്ക് 500 കോടി, മറ്റ് ലോണുകളിലായി 95 കോടി എന്നിങ്ങനെയും നൽകിയിട്ടുണ്ട്. കൂടാതെ കൊവിഡ് സഹായമായി 390 യൂണിറ്റുകൾക്കായി 230 കോടിയും നൽകിയിട്ടുണ്ട്. 1450 കോടിയാണ് ഈ വർഷം ആകെ വായ്പയായി അനുവദിച്ച തുക. ഈ വർഷം അവസാനിക്കും മുൻപ് 2,000 സംരംഭകർക്ക് പിന്തുണ നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. അടുത്ത വർഷത്തെ 1000 സംരംഭകർക്കു കൂടി ഈ വർഷം വായ്പ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.