തിരുവനന്തപുരം: സംസ്ഥാനത്ത് 84 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ദിവസമാണിന്ന്. അതേസമയം തിരുവനന്തപുരത്ത് ചികിത്സയിലിരുന്ന തെലങ്കാന സ്വദേശി അഞ്ജയ് ഇന്ന് മരിച്ചു. രാജസ്ഥാനില്‍ നിന്നും തെലങ്കാനയിലേക്ക് പോകേണ്ടിയിരുന്ന അഞ്‌ജയും കുടുംബവും ട്രെയിൻ തെറ്റി കയറി കഴിഞ്ഞ 22ന് തിരുവനന്തപുരത്തെത്തുകയായിന്നു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1088 ആയി. ഇതില്‍ 526 പേര്‍ ചികിത്സയിലാണ്.
കാസര്‍കോട് (18), പാലക്കാട് (16), കണ്ണൂര്‍ (10), മലപ്പുറം (8), തിരുവനന്തപുരം (7), തൃശൂര്‍ (7), കോഴിക്കോട് (6), പത്തനംതിട്ട (6), കോട്ടയം (3), കൊല്ലം (1), ഇടുക്കി (1), ആലപ്പുഴ(1) എന്നിവിടങ്ങളിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ സംസ്ഥാനത്തിന് പുറത്തു നിന്നും വന്നവരാണ്. 31 പേര്‍ വിദേശത്തുനിന്നും. 48 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ ( മഹാരാഷ്‌ട്ര -31, തമിഴ്‌നാട് -9, കര്‍ണാടക -3, ഗുജറാത്ത്-2, ഡല്‍ഹി -2 , ആന്ധ്ര -1) നിന്നുമെത്തിയവരാണ്. സമ്പര്‍ക്കത്തിലൂടെ അഞ്ച് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ രോഗമുക്തി നേടി.
നിലവില്‍ 115297 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 114305 പേര്‍ വീടുകളിലും 992 പേര്‍ ആശുപത്രികളിലുമാണ്. 210 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 60685 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 58460 എണ്ണത്തിന്‍റെ ഫലം നെഗറ്റീവായി. ഇന്ന് പുതുതായി കൂട്ടിച്ചേര്‍ത്ത ആറ് സ്ഥലങ്ങളടക്കം സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 82 ആയി.