തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള അഞ്ച് പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള നാല് പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള മൂന്ന് പേര്‍ക്ക് വീതവും കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള രണ്ട് പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 18 പേര് വിദേശത്ത് നിന്നും (യു.എ.ഇ.-12, ഒമാന്‍-1, സൗദി അറേബ്യ-1, അബുദാബി-1, മാലി ദ്വീപ്-1, കുവൈറ്റ്-1, മസ്കറ്റ്-1) 25 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും (മഹാരാഷ്ട്ര-17, തമിഴ്നാട്-4, ഡല്‍ഹി-2, കര്‍ണാടക-2)എത്തിയവരാണ്. ആറ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ കണ്ണൂര്‍ ജില്ലയിലെ രണ്ട് പേര് റിമാന്‍ഡ് തടവുകാരാണ്. തിരുവനന്തപുരത്തെ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 891 ആയി. ഇതില്‍ 359 പേരാണ് ചികിത്സയിലുള്ളത്. 532 പേര് രോഗമുക്തി നേടി.
അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12 പേരുടെ പരിശോധനാഫലം നെഗറ്റീവായി. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ആറ് പേരുടെയും കൊല്ലം ജില്ലയില്‍ നിന്നുള്ള രണ്ട് പേരുടെയും എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള ഒരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 99,278 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 98,486 പേര് വീടുകളിലും 792 പേര് ആശുപത്രികളിലുമാണ്. 152 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1861 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 54,899 സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 53,704 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇന്ന് നാല് പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി. കണ്ണൂര്‍ ജില്ലയിലെ പിണറായി, പാലക്കാട് ജില്ലയിലെ പുതുശേരി, മലമ്പുഴ, ചാലിശേരി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ ആകെ 59 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.