തിരുവനന്തപുരം : അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ അനുപമയുടെ അമ്മ അടക്കമുള്ള അഞ്ച് പ്രതികള്‍ക്ക് മുൻകൂർ ജാമ്യം. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്ന് കോടതി വ്യക്തമാക്കി. അഞ്ച് പ്രതികൾക്കും ക്രിമിനൽ പശ്ചാത്തലം ഇല്ല. പ്രതികൾ ഒളിവിൽ പോകുമെന്ന സംശയവും പ്രോസിക്യൂഷന് ഇല്ല.
പ്രതികൾ സാക്ഷികളെ സ്വാധീനിക്കുമെന്ന ഒരേ ഒരു സംശയം മാത്രമാണ് പ്രോസിക്യൂഷനുള്ളത്. ഇക്കാര്യം ജാമ്യ വ്യവസ്ഥയോടെ പരിഹരിക്കാം എന്ന നിരീക്ഷണത്തോടെയാണ് കോടതി അഞ്ച് പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷ അനുവദിച്ചത്. തിരുവനന്തപുരം ഒന്നാം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി എസ് മിനിയുടേതാണ് ഉത്തരവ്.
'പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല'
അനുപമയെ പ്രതികൾ അനധികൃതമായി തടഞ്ഞുവച്ചിട്ടില്ല. ശാരീരികമായോ മാനസികമായോ അനുപമയ്‌ക്ക് ഒരു ഉപദ്രവവും പ്രതികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അനുപമ കുഞ്ഞിനെ സ്വമേധയാ മാതാപിതാക്കൾക്ക് താൽകാലികമായി സംരക്ഷിക്കാന്‍ നൽകിയതാണെന്ന് കുടുംബ കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ പറഞ്ഞിട്ടുണ്ട്. അനുപമയുടെ അനുമതിയോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറിയതെന്നുമാണ് പ്രതികൾ കോടതിയിൽ വാദിച്ചത്.
അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്നായിരുന്നു കേസ്. അനുപമ പേരൂർക്കട പൊലീസിന് നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. അനുപമയുടെ അമ്മ സ്‌മിത ജയിംസ്, സഹോദരി അഞ്ജു, അഞ്ജുവിന്‍റെ ഭർത്താവ് അരുൺ, അനുപയുടെ അച്ഛൻ രവീന്ദ്രൻ്റെ സുഹൃത്തുക്കളായ രമേശ്, മുൻ കൗൺസിലർ അനിൽ കുമാർ എന്നിവരാണ് കേസിലെ പ്രതികൾ.
Also read: ദത്ത് കേസ്: 'കുഞ്ഞ് സുരക്ഷിത കൈകളില്‍'; ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഹൈക്കോടതി