തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വർധിപ്പിച്ചു. ബസിൻ്റെ മിനിമം ചാർജ് 10 രൂപയായും ഓട്ടോ മിനിമം 30 രൂപയുമായാണ് വർധിപ്പിച്ചത്. ടാക്‌സിക്ക് അഞ്ച് കിലോമീറ്ററിന് 200 രൂപയാണ് നിരക്ക്.
നിരക്ക് വർധിപ്പിക്കാനുള്ള രാമചന്ദ്രൻ കമ്മറ്റിയുടെ റിപ്പോർട്ടിനാണ് മന്ത്രിസഭ യോഗം അംഗീകാരം നൽകിയത്. നിരക്ക് വർധനയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകിയ സാഹചര്യത്തിൽ മേയ് 1 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു അറിയിച്ചു. കമ്മിഷൻ റിപ്പോർട്ട് അനുസരിച്ച് വിദ്യാർഥി കൺസെഷനിൽ തീരുമാനമെടുക്കും.
ഇന്ധന വിലവർധനയിൽ ഉണ്ടായ അമിതഭാരമാണ് നിരക്ക് വർധനവിലേക്ക് പോകാൻ സർക്കാരിനെ നിർബന്ധിതരാക്കിയതെന്ന് മന്ത്രി പറഞ്ഞു. നിരക്ക് വർധനയുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ടായ വിമർശനങ്ങൾ എല്ലാം പരിഹരിച്ചു കൊണ്ടുള്ള ഉത്തരവിറക്കാനാണ് ഇന്ന് ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചത്. നിരക്ക് വർധയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഉടൻ പുറത്തിറക്കും.
കെഎസ്ആർടിസി ദീർഘദൂര ബസുകളുടെ നിരക്കിൽ കുറവ് വരും. ബസ് ചാർജ് വർധന കെഎസ്ആർടിസിക്ക് തിരിച്ചടിയാകുന്നത് ഒഴിവാക്കാനാണിതെന്നും മന്ത്രി പറഞ്ഞു. അതേസമയം, കെഎസ്ആർടിസിയിലെ ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള പണം മാനേജ്‌മെന്‍റ് തന്നെ കണ്ടെത്തണം. എല്ലാകാലത്തും പണം നൽകാൻ സർക്കാരിനാകില്ലെന്നും മന്ത്രി പറഞ്ഞു.
ശമ്പള വിതരണം തടസപ്പെട്ടതിന് പിന്നാലെ ഭരണാനുകൂല സംഘടനയായ സിഐടിയു ഉന്നയിച്ച വിമർശനങ്ങളെയും മന്ത്രി ന്യായീകരിച്ചു. സമരം ചെയ്യാനും വിമർശിക്കാനും സിഐടിയുവിന് അവകാശമുണ്ട്. നേതാക്കളുടെ പ്രതികരണത്തിൽ ഭീഷണിയുടെ സ്വരം തോന്നിയിട്ടില്ല. ശമ്പളം ലഭിക്കാതെ വരുമ്പോൾ അത്തരം പ്രതികരണങ്ങൾ സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു.