തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കുന്നതിൽ സർക്കാർ പരാജയമെന്ന് പ്രതിപക്ഷം. നടക്കുന്നത് അപവാദ പ്രചാരണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. എൽദോസ് കുന്നപ്പിള്ളി എംഎൽഎ നൽകിയ അടിയന്തര പ്രമേയ നോട്ടിസിലാണ് റോഡിലെ കുഴികൾ വീണ്ടും നിയമസഭയില്‍ എത്തിയത്.
സംസ്ഥാനത്തെ കുഴികളിൽ മനുഷ്യ രക്തം വീഴുന്നുവെന്നും പൊതുമരാമത്ത് വകുപ്പ് കാലന്‍റെ ഉറ്റ തോഴനായി മാറുന്നുവെന്നും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും റോഡ് പരിപാലനത്തിൽ പരസ്‌പരം പഴി ചാരുന്നു. റോഡുകളിലെ മുതല കുഴികളിൽ വീണ് ജനങ്ങളുടെ നടുവൊടിയുന്നു.
സര്‍ക്കാരിനെതിരെ അപവാദ പ്രചാരണം: ദേശീയപാതയായാലും പൊതുമരാമത്ത് റോഡായാലും അതിലെ കുഴിയിൽ വീഴാനുള്ളതല്ല ജനങ്ങളെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം, പ്രശ്‌നം പരിഹരിക്കാൻ ആത്മാർഥമായ പരിശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് മറുപടി നൽകി. സർക്കാരിനെതിരെ ചിലർ തുടർച്ചയായ അപവാദ പ്രചാരണം നടത്തുന്നു.
അമ്മയുടെ ഒക്കത്ത് ഇരിക്കുകയും അച്ഛനോടൊപ്പം നടക്കുകയും ചെയ്യണമെന്നാണ് ചിലരുടെ രീതിയെന്നും മന്ത്രി പ്രതിപക്ഷത്തെ വിമർശിച്ചു. ബിജെപിക്കൊപ്പം നിൽക്കുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടേത് പ്രകോപനപരമായ പരാമർശമെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു.
പ്രതിപക്ഷത്തിന്‍റെ വാക്കൗട്ട്: സംഘപരിവാറുമായി കോൺഗ്രസ് ഒത്തുത്തീര്‍പ്പ് ചെയ്യില്ല. റോഡ് അറ്റകുറ്റപണികൾ നടപ്പിലാക്കുന്നതിൽ വലിയ വീഴ്‌ച ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത് സർക്കാർ അംഗീകരിക്കാതെ ബിജെപിക്കൊപ്പം നിൽക്കുന്നു എന്നെല്ലാം പറഞ്ഞ് രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.
140 നിയോജക മണ്ഡലങ്ങളും സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തിയെന്നും ഒരു കുഴി പോലുമില്ലാത്ത രീതിയിൽ റോഡുകൾ മാറണം എന്നതാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി മറുപടി നൽകി. മന്ത്രിയുടെ വിശദീകരണത്തിൻ്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയ നോട്ടിസ് സ്‌പീക്കർ തള്ളി. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
Also read: ദേശീയപാതകളിലുള്ളതിനേക്കാള്‍ കുഴികള്‍ കുറവ് പൊതുമരാമത്ത് റോഡുകളില്‍ : മുഹമ്മദ് റിയാസ്