തിരുവനന്തപുരം; പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് നാളെ തുടക്കമാകും. അഞ്ച് മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് നടക്കും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചെല്ലിക്കൊടുക്കും. 19 ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം പൂര്‍ണമായി നിയമ നിര്‍മ്മാണത്തിനു വേണ്ടിയാണെങ്കിലും രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളില്‍ സഭ ഇക്കുറിയും പ്രക്ഷുബ്ധമാകും. ഉപതെരഞ്ഞെടുപ്പിനു മുന്‍പിന് നിയമസഭയില്‍ ഭരണ പക്ഷത്തിന്റെ അംഗബലം 91 ആയിരുന്നത് 93 ആയി വര്‍ധിച്ചതു തന്നെയാകും എല്‍.ഡി.എഫ് പ്രധാനമായും ഉയര്‍ത്തിക്കാട്ടുക. 47 ല്‍ നിന്ന് 45 ആയി ചുരുങ്ങിയതിന്റെ ക്ഷീണം പ്രതിപക്ഷ നിരയ്ക്കുണ്ടാകുമെങ്കിലും അരൂരിലെ വിജയം ചൂണ്ടിക്കാട്ടി അതു മറികടക്കാനാകും പ്രതിപക്ഷ ശ്രമം.
ഒപ്പം എം.ജി. യൂണിവേഴ്‌സിറ്റി മാര്‍ക്ക് ദാനം, കിഫ്ബി വിവാദം തുടങ്ങിയവയും സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കും. മഹാത്മാഗാന്ധിയുടെ 150-ാം ജന്‍മ വാര്‍ഷികത്തോടുള്ള ആദര സൂചകമായി നവംബര്‍ 1ന് പ്രത്യേക അനുസ്മരണ സമ്മേളനം നടത്തും. 16 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകള്‍ സഭ പപരിഗണിക്കും. കക്ഷി ബന്ധങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെങ്കിലും വിഘടിച്ചു നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങളുടെ തീരുമാനം കൗതുകമുയര്‍ത്തും. എത്രകാലം എന്‍.ഡി.എയില്‍ തുടരുമെന്ന് പറയാൻ കഴിയില്ലെന്ന് പി.സി.ജോര്‍ജ് പ്രഖ്യാപിച്ച പ്രത്യേക സാഹചര്യത്തില്‍ ഒ. രാജഗോപാല്‍, പി.സി. ജോര്‍ജ് കൂട്ടുകെട്ട് നിയമസഭയില്‍ എത്രനാള്‍ തുടരുമെന്നതും കൗതുകകരമാണ്. നവംബര്‍ 21ന് നിയമസഭ സമ്മേളനം അവസാനിക്കും.