തിരുവനന്തപുരം: നിയമസഭയിൽ (Kerala Assembly) ചർച്ചയായി സൈക്കിൾ പ്രതിഷേധം (MLA`s on bicycle). 15-ാം നിയമസഭ സമ്മേളനത്തിന്‍റെ അവസാനദിനമായ ഇന്ന് ഇന്ധന നികുതി കുറക്കാത്ത സംസ്ഥാന സർക്കാർ നിലപാടിൽ സഭയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധം സംഘടിപ്പിച്ച് പ്രതിപക്ഷം (UDF leaders).
രാവിലെ നിയമസഭ സമ്മേളനത്തിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ നേതൃത്വത്തിൽ യുഡിഎഫ് അംഗങ്ങൾ എത്തിയത് സൈക്കിളിലായിരുന്നു. എംഎൽഎ ഹോസ്റ്റലിൽ നിന്നുമായിരുന്നു ഈ പ്രതിഷേധ യാത്ര.
പ്രതിപക്ഷത്തെ പരിഹസിച്ച് ധനമന്ത്രി
അടിയന്തര പ്രമേയത്തിന്‍റെ നോട്ടീസ് പരിഗണിക്കുമ്പോൾ ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിലേക്കല്ല പാർലമെൻറിലേക്കാണ് സൈക്കിളോ കാളവണ്ടിയിലും പോകേണ്ടതെന്ന് പരാമർശിച്ചു. കേരളത്തിൽ നിന്ന് കോടികൾ നികുതി ഇനത്തിൽ കേന്ദ്രസർക്കാർ കൊള്ളയടിക്കുമ്പോൾ സൈക്കിളിൽ ഡൽഹിക്ക് പോകണമെന്നും ധനമന്ത്രി പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്‍റിലേക്ക് സൈക്കിൾ യാത്ര ചെയ്‌ത് പ്രതിഷേധം നടത്തിയെന്ന് ചിത്രങ്ങൾ ഉയർത്തിക്കാട്ടി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ കെ ബാബു മറുപടി നൽകി. തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സൈക്കിൾ ചവിട്ടിയുള്ള പ്രതീകാത്മക സമരത്തെ പരിഹസിച്ച ധന മന്ത്രിയുടെ നടപടി ശരിയല്ലെന്ന് അഭിപ്രായപ്പെട്ടു.
'എം.പിമാരുടെ പ്രതിഷേധത്തിൽ പങ്കെടുക്കാതിരുന്നത് സിപിഎം എം.പി'
17 പ്രതിപക്ഷ കക്ഷികളുമായാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പാർലമെന്‍റിലേക്ക് സൈക്കിളിലെത്തി പ്രതിഷേധം നടത്തിയത്. കേരളത്തിൽ നിന്നുള്ള 19 കോൺഗ്രസ് എംപിമാരും പങ്കെടുത്തപ്പോൾ, പ്രതിഷേധത്തിൽ പങ്കെടുക്കാത്തത് സിപിഎമ്മിന്‍റെ എം.പി മാത്രമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇന്ധന നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ നിലപാടിൽ ശക്തമായ പ്രതിഷേധം തുടരുമെന്ന് പ്രഖ്യാപനം നടത്തിയ ശേഷമാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ നിന്ന് മടങ്ങിയതും സൈക്കിളിലായിരുന്നു.
READ MORE: MLA`s on bicycle: അവസാന ദിവസം എംഎല്‍എമാര്‍ സഭയില്‍ എത്തിയത് സൈക്കിളില്‍