തിരുവനന്തപുരം: പത്തനംതിട്ട ഇലന്തൂരിൽ നടന്ന ഇരട്ട നരബലിയിൽ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎമ്മിൻ്റെ ഔദ്യോഗിക മുഖമായ ആളാണ് കുറ്റകൃത്യത്തിന് നേതൃത്വം നൽകിയത്. കൊലയാളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കാനോ പരസ്യമായി ഖേദപ്രകടനം നടത്താനോ സിപിഎം തയ്യാറായില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ഭരണകക്ഷി നേതാക്കൾ അഭിപ്രായം പറയുന്നില്ല. കൊലയാളിയായ ഭഗവൽ സിംഗ് ഇപ്പോഴും പാർട്ടി അംഗമാണ്. സിപിഎം പരസ്യ നിലപാട് സ്വീകരിക്കുന്നില്ല. ഭരണകക്ഷിയും അവരുടെ നേതാവും ശരിയായ അഭിപ്രായം പറയാൻ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും സുരേന്ദ്രൻ ചോദിച്ചു.
കൊലയാളി മറ്റു പാർട്ടിക്കാരനായിരുന്നെങ്കിൽ കേരളത്തിൻ്റെ സാമൂഹിക രംഗത്തും രാഷ്ട്രീയ രംഗത്തും കോളിളക്കം സൃഷ്‌ടിക്കുമായിരുന്നു. കൊലപാതകത്തിൽ അറസ്റ്റിലായ ഷാഫി എന്ന ഏജൻ്റ് മത തീവ്രവാദ സംഘടനയിൽപ്പെട്ട ആളാണ്. ഷാഫിയെ കുറിച്ച് മനസിലായ കാര്യങ്ങൾ തുറന്നു പറയാൻ പൊലീസ് തയ്യാറാകണമെന്നും സുരേന്ദ്രൻ പറഞ്ഞു.
പ്രാകൃതമായ നരബലി പുനരാവിഷ്‌കരിച്ചതാണോ അതോ മറ്റ് അജണ്ടകൾ ഉണ്ടോ എന്ന് അന്വേഷിക്കണം. ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ച് 50 കോടി ചെലവിട്ട് നവോത്ഥാന മതിൽ കെട്ടിയവരെ ഇപ്പോൾ കാണാനില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ യുവതിയുടെ പരാതിയിൽ കോൺഗ്രസുകാർ പ്രതികരിക്കുന്നില്ലെന്നും പീഡനക്കേസിൽ സർക്കാരിനൊന്നും ചെയ്യാൻ കഴിയില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.