തിരുവനന്തപുരം: തലശ്ശേരിയിൽ കെ.ടി ജയകൃഷ്‌ണന്‍ അനുസ്‌മരണച്ചടങ്ങിൽ ബിജെപി പ്രവർത്തകർ വിദ്വേഷ മുദ്രാവാക്യം മുഴക്കിയത് സ്വാഭാവികമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. രണ്ട് ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയിട്ട് സർക്കാർ എന്ത് നടപടി എടുത്തു. അപ്പോൾ അത്തരം പ്രതിഷേധം നടക്കുമെന്നും അതിൽ വലിയ കാര്യമില്ലെന്നുമായിരുന്നു കെ സുരേന്ദ്രൻ്റെ പ്രതികരണം.
ഇത്രയും കാലം മുസ്‌ലിം പള്ളികളിൽ മോദി സർക്കാരിനെതിരെ പ്രചാരണം നടന്നു. അപ്പോൾ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. ഇപ്പോൾ സർക്കാരിനെതിരെ തിരിഞ്ഞതാണ് പ്രശ്‌നം. കേരളത്തിലെ പള്ളികളിൽ അടുത്ത വെള്ളിയാഴ്‌ച രാഷ്ട്രീയ ഫത്‌വ ഉണ്ടായാലും പിണറായി സർക്കാർ കേസെടുക്കില്ല.
വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടുന്ന വിഷയത്തിൽ മുസ്‌ലിം ലീഗ് പള്ളികളിൽ സംസ്ഥാന സർക്കാരിനെതിരെ ബോധവത്കരണം സംഘടിപ്പിക്കുന്നതു സംബന്ധിച്ച ചോദ്യത്തിനായിരുന്നു കെ സുരേന്ദ്രൻ്റെ മറുപടി. ഹലാൽ വിഷയം ഭക്ഷണപ്രശ്‌നമല്ല. അത് മുഖ്യധാര മുസ്‌ലിങ്ങളുടെ അജണ്ടയല്ല. ജനങ്ങളെ വിഭജിക്കാനുള്ള പോപ്പുലർ ഫ്രണ്ട് - ഐഎസ് തീവ്രവാദ അജണ്ടയാണ് ഹലാൽ. അതിനെ മുഖ്യമന്ത്രി വെള്ളപൂശുന്നു. പോപ്പുലർ ഫ്രണ്ട് ആസ്ഥാനത്തെ റെയ്‌ഡ് വിവരം പൊലീസ് തന്നെ ചോർത്തി.
സംസ്ഥാനത്തെ 22 സ്ഥലങ്ങളിൽ മതഭീകരവാദികൾ പൊലീസിനെ പോലും പ്രവേശിപ്പിക്കുന്നില്ല. മഞ്ചേരി, കരുനാഗപ്പള്ളി, മൈനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ പൊലീസിന് അന്വേഷണത്തിനു പോലും കയറാൻ പറ്റില്ല. സംസ്ഥാനത്ത് നിയമവാഴ്‌ച സർക്കാർ തന്നെ അട്ടിമറിക്കുകയാണ്.
സിപിഎമ്മുകാരോ സർക്കാരോ പ്രതിസ്ഥാനത്തു വരുന്ന കേസുകളെല്ലാം കഴിഞ്ഞ ആറു മാസത്തിനുള്ളിൽ അട്ടിമറിക്കപ്പെട്ടു. അഴിമതിയിൽ മാത്രമാണ് എൽഡിഎഫ് സർക്കാരിന് മുന്നേറ്റമുള്ളത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കമ്പനികളും പിണറായി വിജയൻ്റെ ബി ടീമാണെന്നും ഇവർ പരസ്‌പരം പുറം ചൊറിയുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.