തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സിപിഎമ്മിനെ വെല്ലുവിളിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഒരു രൂപയുടെ അനധികൃത സ്വത്തോ ഇടപാടോ തനിക്കുണ്ടെന്ന് തെളിയിച്ചാല്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കാമെന്ന് കെ സുധാകരന്‍ പറഞ്ഞു.
എല്ലാവരും തീ കുണ്ഡം കത്തിക്കുമ്പോള്‍ സിപിഎം ഓലച്ചൂട്ട് കത്തിക്കുകയാണ്. കേസിന് പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യമുണ്ട്. വിജിലന്‍സില്‍ തനിക്കെതിരെ പരാതി നല്‍കിയ പ്രശാന്ത് ബാബുവിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതാണ്.
സിപിഎമ്മിന് വേണ്ടി തന്നെ ഒറ്റി കൊടുക്കാന്‍ ശ്രമിച്ചയാളാണ് പ്രശാന്ത് ബാബു. ജോലി തട്ടിപ്പ് നടത്തിയയാളും സ്ഥിരം മദ്യപാനിയുമാണ് പരാതിക്കാരന്‍.
Also read: സ്വത്ത് സമ്പാദനം: കെ സുധാകരനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു
എംപിയായ ഒരാള്‍ക്കെതിരെ കേസെടുക്കുമ്പോള്‍ വിശ്വാസ്യതയുള്ള ഒരാളുടെ പരാതിയില്‍ വേണം നടപടികള്‍. ഡിസിസി കെട്ടിടത്തിനായി ഗള്‍ഫില്‍ നിന്ന് ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല.
അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന സര്‍ക്കാര്‍ അതില്‍ നിന്നും രക്ഷപ്പെടാനാണ് വിജിലന്‍സ് അന്വേഷണം കൊണ്ടുവന്നത്. സിപിഎമ്മിന് കഴിയുന്ന എല്ലാ തരത്തിലുള്ള അന്വേഷണവും തനിക്കെതിരെ നടക്കട്ടെയെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.