തിരുവനന്തപുരം: സ്‌പ്രിംഗ്ലര്‍ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാറിനെ പരോക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രമായ ജനയുഗം. വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രസിദ്ധീകരിച്ച വിവര സ്വകാര്യതയും വിവര സുരക്ഷിതത്വവും എന്ന മുഖപ്രസംഗത്തിലാണ് വിമര്‍ശനം.
വിവര സമ്പദ്‌ഘടനയുടെ യുഗത്തില്‍ ഡാറ്റാ സ്വകാര്യത, സുരക്ഷിതത്വം എന്നിവക്ക് അതീവ പ്രാധാന്യമുണ്ട്. വന്‍കിട കുത്തക കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതും സാമ്പത്തിക ലാഭമുണ്ടാക്കുന്നതും ഇത്തര വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ഇവ കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത വേണമെന്നും മുഖപ്രസംഗത്തില്‍ ഓര്‍മിപ്പിക്കുന്നു
കമ്പനികള്‍ വ്യവസായ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്തിരിക്കുന്നതും ഈ ഡാറ്റയുടെ അടിസ്ഥാനത്തിലാണ്. സാമ്പത്തിക-രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്‌തത് സംബന്ധിച്ച വന്‍ വിവാദങ്ങള്‍ സമകാലിക ചരിത്രത്തിന്‍റെ ഭാഗമാണ്. ഇന്ത്യയില്‍ ആധാര്‍ വിഷയത്തില്‍ എതിര്‍പ്പ് വിളിച്ചുവരുത്തിയത് വിവരസമാഹരണം സുരക്ഷിതമായിരിക്കുമോ അത് ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്കകൊണ്ടാണ്.
വിവര സ്വകാര്യതയും സുരക്ഷിതത്വവും സജീവ ചര്‍ച്ചാവിഷയമാകുന്ന കേരളത്തില്‍ നമ്മുടെ സ്വാതന്ത്ര്യം, ജനാധിപത്യം, സ്വാശ്രയത്വം, പരമാധികാരം എന്നീ മൂല്യങ്ങള്‍ വിവര സമ്പദ്ഘടനയുടെ ഈ യുഗത്തില്‍ എങ്ങനെ സംരക്ഷിക്കാനാവുമെന്നത് സജീവ പരിഗണന അര്‍ഹിക്കുന്നതായും മുഖപ്രസംഗത്തില്‍ പറയുന്നു. സ്‌പ്രിംഗ്ലര്‍ വിവാദത്തെ നിസാരവല്‍കരിക്കുന്ന സമീപനങ്ങളാണ് സിപിഎം നേതാക്കള്‍ സ്വീകരിച്ചിരുന്നത്. അതില്‍ നിന്നും വിഭിന്നമായ നിലപാടാണ് സിപിഐ പത്രം സ്വീകരിച്ചിരിക്കുന്നത്.