തിരുവനന്തപുരം: ISRO ഗുഢാലോചന കേസിൽ മുൻ പൊലീസ് മേധാവി സിബി മാത്യു, എസ്.കെ ജോഷുവ എന്നിവര്‍ക്ക് മുൻകൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സി.ബി.ഐ സമർപ്പിച്ച എഫ്.ഐ.ആറിലെ നാലാം പ്രതിയാണ് സിബി മാത്യു.
സിബി മാത്യുവിനെതിരെയുള്ള വകുപ്പുകൾ നിലനിൽക്കുന്നതാണോ എന്ന് വാദം പരിഗണിച്ചപ്പോൾ തന്നെ സിബിഐ അഭിഭാഷകനോട് കോടതി ആരാഞ്ഞിരുന്നു. എന്നാൽ ഇതിന് മറുപടിയായി പ്രതിക്കെതിരെ കൂടുതൽ തെളുവുകൾ ഉണ്ടെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു.
കേസിൻ്റെ പ്രാരംഭ ഘട്ടത്തിൽ ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കും എന്ന് സി.ബി.ഐക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ വാദിച്ചിരുന്നു. എന്നാൽ തങ്ങൾ നിരപരാധികളാണെന്നും തങ്ങൾക്കെതിരെയുള്ള ആരോപങ്ങൾ തെളിയിക്കുന്ന ഒരു തെളിവു പോലും സി.ബി.ഐ സമർപ്പിച്ച എഫ്.ഐ.ആറിൽ ഇല്ലെന്നുമാണ് പ്രതികളുടെ വാദം.
ALSO READ: ഐഎസ്ആർഒ കേസ്; സിബി മാത്യുവിന് പങ്ക്, ഉന്നത ഉദ്യോഗസ്ഥരെ സഹായിക്കാൻ ശ്രമിച്ചെന്നും സിബിഐ
മുൻ പൊലീസ് ഡി.ജിപിമാരായ സിബി മാത്യു, ആർ.ബി.ശ്രീകുമാർ എന്നിവർ ഉൾപ്പെടെ 18 പേരാണ് സിബിഐ രജിസ്റ്റർ ചെയ്‌ത എഫ്.ഐ.ആറിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ളത്. സുപ്രീം കോടതി നിയോഗിച്ച ഡി.കെ.ജയിൻ കമ്മിറ്റി നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം.