തിരുവനന്തപുരം : മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരംമുറിക്കാൻ തമിഴ്‌നാട് സർക്കാരിന് അനുമതി നൽകിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന് ക്ലീൻ ചിറ്റ് നൽകിക്കൊണ്ട് വനം വകുപ്പിൻ്റെ അന്വേഷണ റിപ്പോർട്ട്. ഉത്തരവിന് പിന്നിൽ ഉദ്യോഗസ്ഥന് പ്രത്യേക ലക്ഷ്യങ്ങളില്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം നയപരമായ തീരുമാനമായതിനാൽ രേഖാമൂലം നിർദ്ദേശം വാങ്ങേണ്ട ജാഗ്രത പാലിക്കേണ്ടതായിരുന്നുവെന്നും റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. ജല വിഭവവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ യോഗ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയതെന്ന് വനം പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു.
മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറിക്കാൻ തമിഴ്‌നാട് സർക്കാരിന് അനുമതി നൽകിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിൻ്റെ ഉത്തരവ് വിവാദമായിരുന്നു. ഉത്തരവ് ബെന്നിച്ചൻ തോമസ് സ്വയം എടുത്ത തീരുമാനമായിരുന്നുവെന്നും ഇദ്ദേഹം അഖിലേന്ത്യാ സർവീസ് ചട്ടം ലംഘിച്ചുവെന്നും സർക്കാർ നയങ്ങൾക്കെതിരെ പ്രവർത്തിച്ചുവെന്നും ചൂണ്ടിക്കാട്ടി 2021 നവംബർ 11ന് സസ്പെൻഡ് ചെയ്തിരുന്നു.
എന്നാൽ അന്തർ സംസ്ഥാന നദീജല തർക്ക സമിതിയുടെ തീരുമാനം അനുസരിച്ച് ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരമാണ് ഉത്തരവിറക്കിയതെന്നായിരുന്നു ബെന്നിച്ചൻ്റെ വിശദീകരണം. തുടർന്ന് ഒരു മാസത്തിന് ശേഷം ഡിസംബർ 9 നാണ് സസ്പെൻഷൻ പിൻവലിച്ചത്.
സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ബെന്നിച്ചനതിരായ നടപടി പിൻവലിച്ചത്. നിലവിൽ വനംവകുപ്പിൻ്റെ അന്വേഷണ റിപ്പോർട്ടും ബെന്നിച്ചൻ തോമസിൻ്റെ വിശദീകരണം ശരിവയ്ക്കുന്ന തരത്തിലാണ് അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.