തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ സംസ്ഥാന കോണ്‍ഗ്രസില്‍ വാക്‌പോര് മുറുകുന്നു. പാര്‍ട്ടിയില്‍ കൂടിയാലോചന നടക്കുന്നില്ലെന്ന കെ.മുരളീധരന്‍റെ ആരോപണത്തെ ചൊല്ലി ഇന്ന് മുല്ലപ്പള്ളിയും മുരളിയും കൊമ്പുകോര്‍ത്തു. മുരളീധരന്‍റേത് നിഴല്‍ യുദ്ധമെന്ന് കടുത്ത ഭാഷയില്‍ മാധ്യമങ്ങളോടു പറഞ്ഞ മുല്ലപ്പള്ളി എം.പിമാര്‍ക്ക് എന്താണ് പരാതിയെന്ന് തുറന്നു വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പറയേണ്ടത് പറയേണ്ട സമയത്തു പറയുമെന്നും പക്ഷേ പറഞ്ഞിട്ട് കാര്യമില്ലാത്തതിനാല്‍ വിമര്‍ശനം നിര്‍ത്തുകയാണെന്നും മുരളീധരനും മാധ്യമങ്ങളിലൂടെ തിരിച്ചടിച്ചു. പാര്‍ട്ടിയിലെ ഒരു സ്ഥിരം പരാതിക്കാരന്‍ എന്ന മേലങ്കിയണിയാന്‍ താത്പര്യമില്ലെന്നു കൂടി മുരളി പറഞ്ഞുവെച്ചു.
സര്‍ക്കാരിനെതിരായ പോരാട്ടങ്ങളില്‍ ഏകശിലാ വിഗ്രഹമെന്ന പ്രതീതിയുണ്ടാക്കി മുന്നേറിയിരുന്ന കോണ്‍ഗ്രസ് രാഷ്ടീയത്തിലേക്ക് പൊടുന്നനെ വിവാദങ്ങളുടെ അഗ്നിപടര്‍ത്തിയത് കെ. മുരളീധരനായിരുന്നു. പാര്‍ട്ടി പ്രചാരണ വിഭാഗം അധ്യക്ഷ പദമൊഴിഞ്ഞ മുരളി സര്‍ക്കാരിനെതിരെ ഇനി പ്രത്യക്ഷ സമരമില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ചു. ആരുമായും ചര്‍ച്ച ചെയ്തല്ല ഇത്തരമൊരു തീരുമാനമെടുത്തതെന്നും പാര്‍ട്ടിയില്‍ കൂടിയാലോചന നടക്കുന്നില്ലെന്നുമായിരുന്നു മുരളിയുടെ വിമര്‍ശനം. എന്നാല്‍ മുരളിയുടെ വിമര്‍ശനങ്ങള്‍ മുല്ലപ്പള്ളി തള്ളിക്കളഞ്ഞു. പ്രസ്താവന ദൗര്‍ഭാഗ്യ
മെന്നും എല്ലാ മാസവും കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി യോഗം ചേരുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. സംസ്ഥാനത്തെ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തണമോ വേണ്ടയോ എന്ന് നേതാക്കള്‍ തീരുമാനിക്കണമെന്നും മുല്ലപ്പള്ളി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കി.
അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെ.മുരളീധരന്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് നിന്നുള്ള ചില ലോക്‌സഭാംഗങ്ങള്‍ ചരടുവലി ആരംഭിച്ചതിനെതിരെ മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ സമീപിച്ചതാണ് മുരളിയുടെ പെട്ടെന്നുള്ള പ്രകോപനത്തിനു കാരണമെന്നാണ് സൂചന. വട്ടിയൂര്‍കാവില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാനാണ് മുരളീധരന്‍റെ തീരുമാനം. എം.പിമാരായ കെ.സുധാകരനും അടൂര്‍ പ്രകാശും ഇതേ പാതയിലാണ്. എന്നാല്‍ ഇതിനെതിരെ ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും ഒറ്റക്കെട്ടാണെന്നതും മുരളിയെ പ്രകോപിപ്പിച്ചിട്ടുണ്ട്. അതേസമയം തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ പ്രാദേശിക നേതാക്കന്‍മാരുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന ഉന്നതനേതാക്കളുടെ പോര് അണികളെ നിരാശയിലാക്കിയിട്ടുണ്ട്.