തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പള്ളികളിൽ ബോധവത്കരണം നടത്താനുള്ള മുസ്ലിം ലീഗ് നീക്കം അവസാനിപ്പിക്കണമെന്ന് ഐഎൻഎൽ. പള്ളികളിൽ രാഷ്ട്രീയം പറയുന്നത് സംസ്ഥാനത്തിന്‍റെ സമാധാന അന്തരീക്ഷം തകർക്കും. ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന അപകടകരമായ നീക്കത്തിൽ നിന്ന് ലീഗ് പിന്തിരിയണമെന്നും ഐഎൻഎൽ ആവശ്യപ്പെട്ടു.
ലീഗ് സംഘപരിവാറിന് പഠിക്കുകയാണ്. പള്ളികളുടെയും മുസ്ലിങ്ങളുടെയും അട്ടിപ്പേറവകാശം ലീഗിന് നൽകിയിട്ടില്ല. പള്ളി എല്ലാ രാഷ്ട്രീയത്തിലും പെട്ട വിശ്വാസികളുടേതാണ്. ആരാധനാലയങ്ങളിൽ രാഷ്ട്രീയപ്രവർത്തനം ഭരണഘടന വിരുദ്ധമാണ്. സംഭവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്ന് ഐഎൻഎൽ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.
ലീഗിന്‍റെ നീക്കത്തെ രാഷ്‌ട്രീയമായും സാമൂഹ്യമായും നിയമപരമായും നേരിടും. സാമുദായിക സംഘടനകളെ വിളിച്ചുകൂട്ടി ലീഗിനോട് തിരുത്താൻ ആവശ്യപ്പെടും. വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിടുന്നത് മുസ്ലീങ്ങൾക്കെതിരായ നീക്കമാണെന്ന ദുഷ് പ്രചാരണമാണ് ലീഗ് നടത്തുന്നത്. വർഷങ്ങളായി വഖഫ് ബോർഡിൽ അള്ളിപ്പിടിച്ചിരുന്ന് പണം തട്ടിയെടുക്കുകയാണ് ലീഗ് ചെയ്യുന്നത്. വർഗീയത പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാൻ ലീഗിനെ അനുവദിക്കില്ലെന്നും സർക്കാർ നടപടിയെ ഐഎൻഎൽ സ്വാഗതം ചെയ്യുന്നുവെന്നും കാസിം ഇരിക്കൂർ പറഞ്ഞു.