തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിമാനത്തിലുള്ളപ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതെന്ന് വിമാന കമ്പനിയായ ഇന്‍ഡിഗോയുടെ റിപ്പോര്‍ട്ട്. വിമാനത്തിനുള്ളിലെ പ്രതിഷേധം സംബന്ധിച്ച് പൊലീസിന് നല്‍കിയ റിപ്പോർട്ടിലാണ് ഇന്‍ഡിഗോ അതിക്രമം മുഖ്യമന്ത്രിയെ ലക്ഷ്യമാക്കിയാണ് നടന്നതെന്ന് വ്യക്തമാക്കിയത്. വ്യോമയാന ചട്ടങ്ങളുടെ ലംഘനമാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ തയ്യാറെടുക്കവെയാണ് പ്രതിഷേധം തുടങ്ങിയത്. മൂന്ന് പേര്‍ മുഖ്യമന്ത്രിക്ക് അരികിലേക്ക് പാഞ്ഞടുത്തുവെന്ന് വിമാനക്കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ കാബിന്‍ ക്രൂ ശ്രമിച്ചു.
എന്നാല്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളി തുടർന്നു. മുഖ്യമന്ത്രി സീറ്റ് ബല്‍റ്റ് മാറ്റുന്ന സമയത്ത് സംഘാംഗങ്ങള്‍ ആക്രോശവുമായി മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തു. മോശമായ ഭാഷയാണ് ഇവര്‍ ഉപയോഗിച്ചത്. യാത്രക്കാര്‍ ഇവരെ തടയാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല.
ക്രൂ, പൈലറ്റ്, ക്യാപ്റ്റന്‍ തുടങ്ങിയവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് മാനേജര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സംഭവത്തില്‍ ഡയറക്‌ടർ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് വിമാനക്കമ്പനി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വിമാനത്തിനുള്ളില്‍ നടന്ന സംഭവങ്ങളെ കുറിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞ കാര്യങ്ങള്‍ സാധൂകരിക്കുന്നതാണ് ഇന്‍ഡിഗോയുടെ റിപ്പോര്‍ട്ട്.
Also read: മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം : മൂന്നാം പ്രതിക്കായി ലുക്കൗട്ട് സർക്കുലർ പുറത്തിറക്കും