തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ആവേശലഹരിയിൽ ആരാധകർ. താരങ്ങളുടെ കട്ട്ഔട്ടുകളും ചെണ്ടമേളവും അർപ്പുവിളികളുമൊക്കെയായി ഉത്സവലഹരിയിലാണ് സ്പോർട്‌സ് ഹബ്. വൈകിട്ട് 4.30 മുതലാണ് കാണികളെ സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നതെങ്കിലും രാവിലെ മുതൽ തന്നെ ഇവിടെ ആരാധകർ സജീവമായിരുന്നു.
35,000ത്തോളം പേരാണ് ഇന്ന് കാര്യവട്ടത്ത് മത്സരം കാണാൻ എത്തുക. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ആരാധകരുടെ പ്രവേശനം. മത്സരം കാണാന്‍ വരുന്നവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരണം. ടിക്കറ്റ് സ്‌കാന്‍ ചെയ്യുന്നതിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡ് കൂടി പരിശോധിച്ച ശേഷമേ സ്റ്റേഡിയത്തിനുള്ളിലേക്ക് കടത്തിവിടൂ.
14 ഗേറ്റുകള്‍ വഴിയാണ് പ്രവേശനം. മത്സരം ഒരു പന്ത് പോലും എറിയാനാവാതെ ഉപേക്ഷിച്ചാല്‍ ആരാധകര്‍ക്ക് ടിക്കറ്റ് തുക മുഴുവന്‍ ലഭിക്കും. സ്റ്റേഡിയത്തിൽ ഇന്നലെ വിരാട് കോലിയുടെയും രോഹിത് ശർമയുടെയും സഞ്ജു സാംസണിന്‍റെയും കട്ട്ഔട്ടുകൾ ഉയർത്തിയിരുന്നു. ഇതിന് മറുപടിയായി ഇന്ന് ധോണി ആരാധകർ മഹേന്ദ്ര സിങ് ധോണിയുടെ കൂറ്റൻ കട്ട്ഔട്ടും ഉയർത്തിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തിന് ശേഷം കാര്യവട്ടം വേദിയാവുന്ന മത്സരത്തിനായി ആവേശത്തിലാണ് കാണികള്‍.