തിരുവനന്തപുരം : ആറ്റിങ്ങലില്‍ പിതാവിനെയും മകളെയും മൊബൈല്‍ ഫോണ്‍ മോഷ്‌ടിച്ചെന്നാരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യമായി വിചാരണ നടത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ഉത്തരവിട്ടു.
ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരിക്കാണ് അന്വേഷണ ചുമതല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് പിതാവും മകളും നല്‍കിയ പരാതിയിലാണ് നടപടി.
സംഭവത്തെക്കുറിച്ച് തിരുവനന്തപുരം റൂറല്‍ ജില്ല പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനിലെ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയെ കൊല്ലം സിറ്റിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.
തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ്‌കുമാറാണ് ഉത്തരവിട്ടത്. രജിതയ്ക്ക് 15 ദിവസത്തെ നിര്‍ബന്ധിത പരിശീലനത്തിനും നിര്‍ദേശം നല്‍കി.
നടുറോഡില്‍ പരസ്യ വിചാരണ
ഓഗസ്റ്റ് 28നായിരുന്നു സംഭവം. ആറ്റിങ്ങല്‍ ഊരുപൊയ്‌ക സ്വദേശി ജയചന്ദ്രനെയും എട്ടുവയസുകാരിയായ മകളെയും മൊബൈല്‍ മോഷ്‌ടിച്ചെന്നാരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥയായ രജിത നടുറോഡില്‍ വച്ച് പരസ്യ വിചാരണ ചെയ്യുകയായിരുന്നു.
പിങ്ക് പൊലീസ് വാഹനത്തില്‍ നിന്ന് രജിതയുടെ മൊബൈല്‍ ഫോണ്‍ ഇവര്‍ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു ഇത്.
തങ്ങള്‍ ഫോണെടുത്തില്ലെന്ന് ഇരുവരും പറഞ്ഞിട്ടും പൊലീസ് ഉദ്യോഗസ്ഥ അധിഷേപം തുടരുകയായിരുന്നു. പിതാവും മകളും മാലപിടിച്ചുപറിക്കാരും മൊബൈല്‍ കടകളില്‍ കയറി മോഷണം നടത്തുന്നവരാണെന്നും ആക്ഷേപിച്ചു. എന്നാല്‍ ഒടുവില്‍ മൊബൈല്‍ കാറിനുള്ളില്‍ നിന്ന് തന്നെ കണ്ടെത്തി.
സ്ഥലം മാറ്റത്തില്‍ ഒതുക്കി നടപടി
പിതാവിനെയും മകളെയും പരസ്യ വിചാരണ ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തിന് പൊലീസ് മേധാവി ഉത്തരവിട്ടത്.
തുടര്‍ന്ന് ഉദ്യോഗസ്ഥയുടെ നടപടിയെ ന്യായീകരിച്ച് റൂറല്‍ ജില്ല പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടും വിവാദമായി.
റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടപടി സ്ഥലം മാറ്റത്തില്‍ ഒതുക്കിയതും പ്രതിഷേധത്തിനിടയാക്കി. തുടര്‍ന്ന് പിതാവും മകളും പൊലീസ് മേധാവിയെ സന്ദര്‍ശിച്ച് വീണ്ടും പരാതി നല്‍കുകയായിരുന്നു.
Read more: മൊബൈല്‍ മോഷണമാരോപിച്ച് അച്ഛനും മകള്‍ക്കും പരസ്യ വിചാരണ : പൊലീസുകാരിക്ക് സ്ഥലംമാറ്റം